കേരള ശാസ്ത്ര കോണ്‍ഗ്രസ്: പ്രദര്‍ശനം ആരംഭിച്ചു

post

പാലക്കാട് :കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിട്ട്യൂട്ടില്‍ ആരംഭിച്ച ദേശീയ ശാസ്ത്രസാങ്കേതിക പ്രദര്‍ശനം കെ. വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗവേഷണം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളും വകുപ്പുകളുമാണ് പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. പൊതു ജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്തുക, ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി വിഷയങ്ങളില്‍  അഭിരുചിയുള്ളവരെ  പ്രോത്സാഹിപ്പിക്കുക, വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും കൂടുതല്‍ അറിവ് പകരുക എന്നിവ ലക്ഷ്യമിട്ടാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍, കോഴിക്കോട് ഐസര്‍, സി എസ് ഐ ആര്‍ തിരുവനന്തപുരം, സി ഐ എഫ് ടി എറണാകുളം, ജൈവവൈവിധ്യ ബോര്‍ഡ്, തിരുവനന്തപുരം നാറ്റ്പാക്ക് തുടങ്ങി 38 സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്. രാവിലെ എട്ട് മുതല്‍ വൈകീട്ട് എട്ട് വരെ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമാണ്.
ഇന്ത്യ വിക്ഷേപിച്ച മിസൈലുകള്‍, ഉപഗ്രഹങ്ങള്‍ അവയുടെ മാതൃകകള്‍, പ്രവര്‍ത്തനരീതികളും പ്രദര്‍ശനത്തില്‍ കാണാം. സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സ്റ്റാളില്‍ ചിത്രശലഭങ്ങള്‍, തുമ്പികള്‍, പാമ്പുകള്‍, ഷഡ്പദങ്ങള്‍, പ്രാണികള്‍, എന്നിവയെ കാണാം. ശാസ്ത്രീയ നാമം, ചെറു വിവരണങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുളയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളും ഗൃഹോപകരണങ്ങളും ബാംബൂ കോര്‍പ്പറേഷന്റെ സ്റ്റാളില്‍ കാണാനാകും. ശാസ്ത്ര കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. എസ്.പി സുധീര്‍,  കണ്‍വീനര്‍ ഡോ.എസ്. പ്രദീപ്കുമാര്‍, കെ എഫ്ആര്‍ ഐ ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥ്, യുവക്ഷേത്ര കോളേജ് ഡയറക്ടര്‍ ഫാ. മാത്യു ജോര്‍ജ് വാഴയില്‍ എന്നിവര്‍ പങ്കെടുത്തു.