പെണ്‍കുട്ടികളുടെ അവകാശം നഷ്ടപ്പെടുത്തരുതെന്ന സന്ദേശവുമായി ദേശീയ ബാലികാ ദിനം ആഘോഷിച്ചു
പാലക്കാട് : ശൈശവ വിവാഹത്തിലൂടെ പെണ്‍കുട്ടികളുടെ വിവിധ അവകാശങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 12 മത് ദേശീയ ബാലികാ ദിനം ആഘോഷിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടമൈതാനത്തെ കുട്ടികളുടെ പാര്‍ക്കില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയായി. എ.ഡി.എം. ടി. വിജയന്‍ മുഖ്യാതിഥിയായി.
സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കുക, ആണ്‍ പെണ്‍ അനുപാതത്തിലുളള അന്തരം കുറയ്ക്കുക, പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യപരവുമായ ചുറ്റുപാട് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ബാലികാദിനം ആചരിക്കുന്നത്. 1929 ല്‍ ശൈശവ വിവാഹം നിര്‍ത്തലാക്കിയെങ്കിലും നിയമപരമായ ഇടപെടലുകളൊന്നും നടന്നിരുന്നില്ല. 2006 ലാണ് ശൈശവ വിവാഹ നിരോധന നിയമം നിലവില്‍ വന്നത്. ശൈശവ വിവാഹം നടന്ന കുട്ടിക്ക് 18 വയസ്സ് തികഞ്ഞ ശേഷവും രണ്ട് വര്‍ഷം വരെ രക്ഷിതാവിന് കുടുംബകോടതിയിലോ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്കോ ശൈശവ വിവാഹത്തിനെതിരെ പരാതി നല്‍കാവുന്നതാണെന്ന് പരിപാടിയോടനുബന്ധിച്ച് നടന്ന ക്ലാസില്‍ വ്യക്തമാക്കി. കുറ്റം തെളിഞ്ഞാല്‍ രണ്ട് വര്‍ഷം വരെ കഠിനതടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയുള്ള ശിക്ഷാ നടപടിയോ നേരിടേണ്ടിവരും. ഇത്തരം കേസുകളില്‍ ജാമ്യമുണ്ടായിരിക്കില്ല. 2012 ല്‍ നിലവില്‍ വന്ന പോക്‌സോ നിയമപ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങള്‍ക്ക് സെക്ഷന്‍ 5 പ്രകാരം വധശിക്ഷ വരെ വിധിക്കാനുള്ള അധികാരം കോടതികള്‍ക്കുണ്ട്. സെക്ഷന്‍ 7 പ്രകാരം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണെന്നും ക്ലാസില്‍ പ്രതിപാദിച്ചു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ അഡ്വ. അപര്‍ണ നാരായണന്‍ ശൈശവ വിവാഹനിരോധന നിയമം സംബന്ധിച്ചും അഡ്വ. പ്രിയ പോക്‌സോ ആക്ട് സംബന്ധിച്ചും ക്ലാസെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പാലക്കാട് മെഡിക്കല്‍ കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബും മലമ്പുഴ ഐ.സി.ഡി.എസ് അംഗനവാടി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സ്‌കിറ്റും അരങ്ങേറി. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി. മീര, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ എന്നിവര്‍ സംസാരിച്ചു.