കോവിഡ് പ്രതിരോധത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് പ്രധാനം: മുഖ്യമന്ത്രി

post

തിരുവനന്തപുരം  : കോവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം പരമ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒന്നാംഘട്ട കോവിഡ് വ്യാപനത്തെ നേരിടാനും അതിജീവിക്കാനും സാധ്യമായതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലാണ്. പുതിയ ഭരണസമിതികള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തില്‍ വന്നു. ഒന്നാം ഘട്ടത്തില്‍ നേതൃത്വപരമായ പങ്ക് നിര്‍വഹിച്ചവരല്ല ഇപ്പോഴുള്ള പലരും. ജനപ്രതിനിധികള്‍ക്ക് ആവശ്യമായ പരിശീലനവും ബോധവല്‍ക്കരണവും നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ ഘട്ടം മറികടക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന പങ്കാളിത്തം ഉണ്ടാകണം.

ജനങ്ങള്‍ക്ക് ഉച്ചഭാഷിണി വഴിയുള്ള മുന്നറിയിപ്പുനല്‍കല്‍, ആവശ്യമായ നോട്ടീസ്, പോസ്റ്ററുകള്‍ ഒട്ടിക്കല്‍ എന്നിവ തദ്ദേശ സ്ഥാപന പരിധിയില്‍ സംഘടിപ്പിക്കണം. വായനശാല, ക്ലബ്ബുകള്‍ തുടങ്ങി ആളുകള്‍ എത്തിച്ചേരുന്ന പൊതുഇടങ്ങളില്‍ ആ പ്രദേശത്തെ കോവിഡ് അവസ്ഥ പ്രദര്‍ശിപ്പിക്കാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും  തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാകണം.  വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക്  ഭക്ഷണം ലഭിക്കാന്‍ പ്രയാസം നേരിടും. അവര്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയവ  എത്തിക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍കൈ ഉണ്ടാകും.

വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡ്തല സമിതികള്‍ പുനരുജ്ജീവിപ്പിക്കണം. ആശാവര്‍ക്കര്‍, ആരോഗ്യ പ്രവര്‍ത്തകന്‍, പോലീസ് പ്രതിനിധി, റവന്യു ജീവനക്കാരന്‍, വോളണ്ടിയര്‍ എന്നിവര്‍ സമിതിയില്‍ ഉണ്ടാവണം.

നേരത്തെ നിലവിലുണ്ടായിരുന്ന വളണ്ടിയര്‍ പദ്ധതി ഫലപ്രദമാക്കണം. ചിലരെങ്കിലും ഒഴിവായി പോയിട്ടുണ്ടാകും.  പുതിയ വളണ്ടിയര്‍മാരെ ആവശ്യമെങ്കില്‍ കണ്ടെത്തി സജ്ജമാക്കണം. അത് കൂടുതല്‍ ആവശ്യമുള്ള ഘട്ടമാണിത്.