ഫസ്റ്റ്ബെല്ലില്‍ അഞ്ച്, ആറ് ക്ലാസുകള്‍ ഇന്ന് (23)പൂര്‍ത്തിയാകും

post

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിലൂടെ ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ അഞ്ച്, ആറ് ക്ലാസുകള്‍ ഇന്ന് (ഏപ്രില്‍ 23) സംപ്രേഷണം പൂര്‍ത്തിയാകും. ഏഴും ഒന്‍പതും ക്ലാസുകള്‍ ചൊവ്വാഴ്ചയും മറ്റു ക്ലാസുകള്‍ ഏപ്രില്‍ 30-നും പൂര്‍ത്തിയാകും.

പ്ലസ് വണ്ണില്‍ മുഴുവന്‍ കുട്ടികളും പഠിക്കുന്ന ഇംഗ്ലീഷും ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിഷയ വിഭാഗമായ ഇക്കണോമിക്സും ഹിസ്റ്ററിയും 22ന് സംപ്രേഷണം പൂര്‍ത്തിയായി. അടുത്തയാഴ്ചയോടെ ബിസിനസ് സ്റ്റഡീസ് ക്ലാസുകളും പൂര്‍ണമാകും.

മറ്റ് പ്ലസ് വണ്‍ ക്ലാസുകള്‍ മെയ് മാസത്തോടെ പൂര്‍ത്തിയാക്കും. പൊതുപരീക്ഷ പ്രഖ്യാപിക്കുന്നതനുസരിച്ച് പ്രത്യേക റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണവും ഓഡിയോ ബുക്കുകളും പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

ഫസ്റ്റ്ബെല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളില്‍  വര്‍ഷാന്ത വിലയിരുത്തലിനായി മുഴുവന്‍ കുട്ടികള്‍ക്കും പഠന മികവു രേഖകള്‍ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.  ഇവയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്നതിനനുസരിച്ചാണ് അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തുക.  മെയ് 20 നകം ഇപ്രകാരം വര്‍ഷാന്ത വിലയവിലയിരുത്തല്‍ നടത്തി സ്‌കൂളുകള്‍ പ്രൊമോഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

പ്രീ-പ്രൈമറി കുട്ടികള്‍ക്കുള്ള കിളിക്കൊഞ്ചല്‍ ക്ലാസുകള്‍ മെയ് മാസവും തുടരും. ഇതിനുപുറമെ ശാസ്ത്രം, പരിസ്ഥിതി, മാനസികാരോഗ്യം, സാങ്കേതികവിദ്യ, കലാ-കായിക വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികളും കൈറ്റ് വിക്ടേഴ്സില്‍  മെയ് മാസം സംപ്രേഷണം ചെയ്യും.