കോവിഡ് 19: പരിശോധനയും വാക്‌സിനേഷനും നിയന്ത്രണങ്ങളും ശക്തമായി തുടരുന്നു

post

ഇടുക്കി: ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ ടെസ്റ്റിംഗ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു കൊണ്ട് കൂടുതല്‍ രോഗികളെ കണ്ടെത്തി വരുന്നു. കഴിഞ്ഞ ദിവസം ക്യാമ്പില്‍ 4434 പേരുടെ സാമ്പിള്‍ എടുത്തു. 3645 ആന്റിജന്‍ ടെസ്റ്റ് നടത്തിയതില്‍ 367 എണ്ണം പോസിറ്റീവ് ആയി.

പോസിറ്റീവ് ആയവരുടെ ഐസലേഷനും ചികിത്സയും ഉറപ്പാക്കി. കോണ്ടാക്ട് ട്രേസിംഗ് കര്‍ശനമാക്കി. പുതിയ മാനദണ്ഡം അനുസരിച്ചുള്ള ക്വാറന്റ്റൈന്‍ ആരംഭിച്ചു. ജനങ്ങളുടെ സംശയ നിവാരണത്തിന്, 24 മണിക്കൂറും കണ്‍ട്രോള്‍ റൂമും, ടോള്‍ ഫ്രീ നമ്പറും(18004255640) പ്രവര്‍ത്തിക്കുന്നുണ്ട്്. പ്രതിരോധത്തിന്റെ ഭാഗമായി 47 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നു. വിവിധ തലങ്ങളില്‍ നടക്കുന്ന യോഗങ്ങളിലൂടെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും, വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ജില്ലയില്‍ നിലവില്‍ 4909 കേസുകള്‍ ഉണ്ട്. ശരാശരി 600 നു മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശരാശരി 3000 പരിശോധനകളും ദിനംപ്രതി നടത്തുന്നുണ്ട്. പരിശോധന ക്യാമ്പയിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏപ്രില്‍ 16, 17,21 ദിവസങ്ങളിലായി 19,290 സാമ്പിളുകള്‍ ശേഖരിച്ചു.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.6 ശതമാനം്.  ആര്‍ടിപിസിആര്‍, ആര്‍എറ്റി,സിബി നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ ഇതുവരെ 4,44,510 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളില്‍ പരിശോധന വര്‍ധിപ്പിക്കുന്നതിന് ഭാഗമായി മൊബൈല്‍ ടെസ്റ്റ് യൂണിറ്റുകള്‍ എല്ലാ ബ്ലോക്ക് തലത്തില്‍ പരിശോധന ക്യാമ്പ് നടത്തുന്നുണ്ട്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും 190 ആളുകള്‍ ഇടുക്കി എത്തിയിട്ടുണ്ട്. ആര്‍ക്കും തന്നെ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടില്ല.