സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണം

post

തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകള്‍ ഈ ഘട്ടത്തില്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് സ്വകാര്യ ആശുപത്രി പ്രതിനിധികളുമായുള്ള യോഗത്തില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പല ആശുപത്രികളും 40-50 ശതമാനം കിടക്കകള്‍ ഇപ്പോള്‍ തന്നെ  ഇതിനായി മാറ്റി വെച്ചിട്ടുണ്ട്. ഓരോ ദിവസവും കിടക്കകളുടെ സ്ഥിതിവിവരക്കണക്ക് ആശുപത്രികള്‍ ജില്ലാ ആരോഗ്യ വകുപ്പ് മേധാവിക്ക് കൈമാറണം. കിടക്കകള്‍ ഉള്ളിടത്ത് രോഗികളെ അയക്കാന്‍ ഇത് സഹായിക്കും. കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും മികച്ച സഹകരണം ലഭിച്ചിരുന്നു. കോവിഡ് ചികിത്സക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പൂര്‍ണ്ണ സഹകരണമാണ് യോഗത്തില്‍  സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ വാഗ്ദാനം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗുരുതര അവസ്ഥയിലുള്ള രോഗികള്‍ വന്നാല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം നല്‍കാന്‍ കഴിയണം. മികച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കോവിഡ് ചികിത്സയില്‍ പ്രവീണ്യം നേടിയവര്‍ എന്നിവരുടെ സേവനം അനിവാര്യ ഘട്ടങ്ങളില്‍ ഡിഎംഒ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണം.

ഐസിയുകളും വെന്റിലേറ്ററുകളും എത്രയും വേഗം പൂര്‍ണതോതില്‍ സജ്ജമാക്കണം. അറ്റകുറ്റപ്പണികളുണ്ടെങ്കില്‍ ഉടനെ തീര്‍ക്കണം. ഗുരുതര രോഗികള്‍ക്കായി ഐസിയു കിടക്കകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ ഐസിയു കിടക്കകള്‍ അനാവശ്യമായി നിറഞ്ഞ് പോകുന്നത് പരിശോധിക്കുന്നത് നന്നാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ഇതര രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണം. ഒരാശുപത്രിയും അമിതമായ ചികിത്സാ ഫീസ് ഈടാക്കരുത്. ചില ആശുപത്രികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചിത നിരക്ക് അംഗീകരിച്ചിട്ടുണ്ട്. അതേനിരക്ക് എല്ലാവരും സ്വീകരിക്കണം. സ്വകാര്യ ആശുപത്രികള്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുമായി എംപാനല്‍ ചെയ്യുന്നത് നന്നാകും. 15 ദിവസത്തിനകം കോവിഡ് ചികിത്സയ്ക്കുള്ള മുഴുവന്‍ ചെലവും കൈമാറുന്ന അവസ്ഥയുണ്ടാകും. ഇതുസംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ ഉന്നയിച്ച പരാതികള്‍ക്ക് ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും നടപടി സ്വീകരിക്കും.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സൗജന്യമായ കോവിഡ് ചികിത്സ നല്‍കി വരുന്ന സംസ്ഥാനമാണ് കേരളം. അതോടൊപ്പം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒന്നാമത്തെ കോവിഡ് തരംഗത്തില്‍ 60.47 കോടി രൂപ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്കായി ചെലവഴിച്ചു. കാരുണ്യ പദ്ധതിയുടെ ഗുണഭോക്താക്കളായ 4936 പേര്‍ക്കും, റഫര്‍ ചെയ്ത 13,236 പേരുടേയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.