വൈറസിന്റെ വകഭേദങ്ങള്‍ കണ്ടെത്തി, ജാഗ്രത തുടരണം : മുഖ്യമന്ത്രി

post

തിരുവനന്തപുരം : അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. യു.കെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ദ്ധിക്കാനാണ് സാധ്യത. അതുകൊണ്ട് നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വാക്‌സിന്റെ കാര്യത്തില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കും. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ച വില അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതലാണ്. ഇക്കാര്യവും രേഖാമൂലം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇതിനകം 57.58 ലക്ഷം പേര്‍ക്ക് ഒരു ഡോസും, 10.39ലക്ഷം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിന്‍ കേരളത്തില്‍ നല്‍കിയിട്ടുണ്ട്. വാക്‌സിന്റെ ദൗര്‍ലഭ്യമാണ് നാം നേരിടുന്ന പ്രശ്‌നം. 50 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതേ വരെ ലഭിച്ചിട്ടില്ല. വാക്‌സിന്‍ സംസ്ഥാനങ്ങള്‍ ഉല്‍പാദകരില്‍ നിന്ന് നേരിട്ട് സംഭരിച്ചുകൊള്ളണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് കമ്പനികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.

ആദിവാസി കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വാക്‌സിന്‍ അവിടെ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് അവരുടെ വീടുകളില്‍ ചെന്ന് വാക്‌സിന്‍ നല്‍കണമെന്ന നിര്‍ദ്ദേശത്തിന്റെ പ്രായോഗികത സര്‍ക്കാര്‍ പരിശോധിക്കും. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വയോധികര്‍ക്ക് ഇപ്പോള്‍ തന്നെ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും ഉല്‍പാദന മേഖലയും നിര്‍മ്മാണ മേഖലയും സ്തംഭിക്കരുത്. അതുകൊണ്ടാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കുന്നത്. കൃഷി, വ്യവസായം, ചെറുകിട  ഇടത്തരം വ്യവസായങ്ങള്‍ മത്സ്യ ബന്ധനം, പാല്‍ ഉല്‍പ്പാദനം, തൊഴിലുറപ്പ് പദ്ധതി, കുടില്‍ വ്യവസായം, നിര്‍മാണ പ്രവര്‍ത്തനം എന്നിവയൊന്നും സ്തംഭിച്ചു പോകരുത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ഇവയെല്ലാം പ്രവര്‍ത്തിക്കണം.

ഇതുവരെയുള്ളതില്‍ ഏറ്റവും ശക്തമായ രോഗവ്യാപനം ഉള്ള ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. പുതുതായി രോഗികളാകുന്നവരുടെ എണ്ണം കുറഞ്ഞെങ്കില്‍ മാത്രമേ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണവും കുറയുകയുള്ളു. ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ അതീതീവ്ര ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറച്ചുകൊണ്ടു വരാന്‍ സാധിക്കൂ. ആ വിധം ശ്രദ്ധിച്ചാല്‍ നമുക്ക് മരണങ്ങള്‍ ഫലപ്രദമായി തടഞ്ഞു നിര്‍ത്താം.

വീടുകള്‍ക്കുള്ളിലും, ഓഫീസുകളിലും, കടകളിലും, പൊതുനിരത്തിലും ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറകളിലും മുഴുവന്‍ സമയവും ജാഗ്രത പുലര്‍ത്തിയേ മതിയാകൂ. രോഗലക്ഷണമില്ല എന്നു കരുതിയുള്ള അശ്രദ്ധ പോലും നമുക്കിപ്പോള്‍ താങ്ങാനാവുന്നതല്ല. രോഗലക്ഷണങ്ങള്‍ പുറത്തുവരാത്ത പ്രീസിംപ്റ്റമാറ്റിക് ഫേസിലാണ് അതീതീവ്ര വ്യാപനങ്ങള്‍ നടക്കാറുള്ളത്. നമ്മളറിയാതെ മറ്റുള്ളവരിലേയ്ക്ക് രോഗം പകരുകയാണ് ചെയ്യുന്നത്, അതുകൊണ്ട്, രോഗബാധിതനായ വ്യക്തി എത്രമാത്രം ജാഗ്രത കാണിക്കുന്നുവോ അതുപോലെ എല്ലാവരും ജാഗ്രത കാണിക്കണം.

കടകള്‍ നേരത്തേ അടയ്ക്കുന്നതും, രാത്രികാലങ്ങളിലെ യാത്ര ഉള്‍പ്പെടെയുള്ളവയിലെ നിയന്ത്രണങ്ങളും, വാരാന്ത്യങ്ങളില്‍ സ്വീകരിക്കുന്ന ലോക് ഡൗണ്‍ സമാന നിയന്ത്രണവും ആള്‍ക്കൂട്ടങ്ങള്‍ പാടില്ല എന്നു പറയുന്നതുമെല്ലാം ഏതെങ്കിലും വിധത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല എന്നു മനസ്സിലാക്കണം. സാഹചര്യത്തിന്റെ ഗൗരവം ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കൂടി വേണ്ടിയാണത്.

വളരെ ശക്തമായ രോഗവ്യാപനം നമ്മള്‍ മുന്‍കൂട്ടിക്കാണേണ്ടതുണ്ട്. കരുത്തുറ്റ പ്രതിരോധവും ജാഗ്രതയും മാത്രമാണ് മുന്‍പിലുള്ള വഴി. രോഗബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ഒരു മാസ്‌കിനു മുകളില്‍ മറ്റൊരു മാസ്‌ക് ധരിക്കുന്ന രീതി അവലംബിക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

നിലവില്‍ പല വാക്‌സിനേഷന്‍ സെന്ററുകളിലും ടെസ്റ്റിങ് സെന്ററുകളിലും തിരക്ക് ഒഴിവാക്കണം. ആള്‍ക്കൂട്ടമൊഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ നടപടികള്‍ ആ സ്ഥാപനങ്ങളുടെ അധികാരികള്‍ കര്‍ശനമായി നടപ്പിലാക്കണം. മാസ്‌ക് ധരിക്കുന്നതില്‍ മാത്രമല്ല സാമൂഹിക അകലം പാലിക്കുന്നതിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. തട്ടുകട, ചായക്കട എന്നിവയ്ക്ക് മുന്നില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതായി കാണുന്നില്ല. കൂട്ടം കൂടുന്നവരെ കസ്റ്റഡിയിലെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്പിമാരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ട്. ജനത്തിരക്ക് കൂടുതലുള്ള വാക്‌സിന്‍ കേന്ദ്രങ്ങള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ചന്ത എന്നീ സ്ഥലങ്ങളില്‍ ഈ സംഘം മിന്നല്‍ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കും.

കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിന്യസിച്ച പൊലീസ് സംഘങ്ങളുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനും ഈ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ കോവിഡ് രോഗികള്‍ കോവിഡ് സേഫ്റ്റി എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഈ സംവിധാനം ഏറെ പ്രയോജനപ്രദമായിരുന്നു. കോവിഡ് പോസിറ്റീവ് രോഗികള്‍ ഈ ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ഈ ആപ്പ് പൊലീസിന് സഹായകമാകും.

പഞ്ചായത്ത് തലത്തില്‍ നിലവിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലവത്താക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ടീമിന് നല്‍കുന്ന പൊലീസ് സഹായം കൂടുതല്‍ ഫലപ്രദമാക്കാന്‍ നടപടി സ്വീകരിക്കും. ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ച് വേണം ജനങ്ങളുമായി ഇടപഴകാനെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് സേനാംഗങ്ങള്‍ അസുഖബാധിതരായാല്‍ അത് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ പൊലീസിന്റെ ക്ഷേമം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് പൊലീസ് വെല്‍ഫെയര്‍ ഓഫീസര്‍ കൂടിയായ ബറ്റാലിയന്‍ വിഭാഗം എഡിജിപിയെ ചുമതലപ്പെടുത്തി.

കോവിഡ് അവലോകന യോഗത്തില്‍ ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്‍കൂട്ടി കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചു. പരമാവധി ആശുപത്രികളില്‍ ഓക്‌സിജന്‍ ബെഡുകള്‍ ഒരുക്കും.പരമാവധി വെന്റിലേറ്ററുകള്‍ എത്തിക്കും. ഇതിനായി സിഎസ്ആര്‍ ഫണ്ട് ഉള്‍പ്പെടെ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.