പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങളായി

post

തിരുവനന്തപുരം : കോവിഡ് തീവ്രരോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പഞ്ചായത്ത് വകുപ്പിനെ അവശ്യസര്‍വീസായി നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തില്‍ വകുപ്പിന്റെ സേവനം തടസ്സപ്പെടാതെ ജനങ്ങളിലെത്തിക്കാനാണ് മാര്‍ഗനിര്‍ദേശങ്ങള്‍.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഏപ്രില്‍ 27 മുതല്‍ ഒരുമാസ കാലയളവിലേക്ക് ഓഫീസ്, രോഗപ്രതിരോധം, സി.എഫ്.എല്‍.ടി.സി/ ഡി.സി.സി/ സി.എസ്.എല്‍.ടി.സി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാത്തവിധം ജീവനക്കാരുടെ ആവശ്യകത ഉറപ്പാക്കി ടേണുകളായി തിരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കണം.

വകുപ്പിലെ എല്ലാ ഓഫീസുകളിലും ജൂനിയര്‍ സൂപ്രണ്ട്/ ഹെഡ് ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ 'കോവിഡ് പ്രോട്ടോക്കോള്‍ ഓഫീസര്‍' ആയി ഓഫീസ് മേലധികാരി ചുമതലപ്പെടുത്തണം.

പ്രത്യേക സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് രോഗപ്രതിരോധം, സി.എഫ്.എല്‍.ടി.സി/ ഡി.സി.സി/ സി.എസ്.എല്‍.ടി.സി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അധിക ജീവനക്കാരെ ആവശ്യമായി വന്നാല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തില്‍നിന്ന് പ്രത്യേക ഉത്തരവ് വഴി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഈ ഗ്രാമപഞ്ചായത്തുകളിലേക്ക് ജീവനക്കാരെ വിന്യസിക്കണം.

ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തില്‍ ആരംഭിച്ചിട്ടുള്ള സി.എഫ്.എല്‍.ടി.സി/ ഡി.സി.സി/ സി.എസ്.എല്‍.ടി.സി കളുടെ മേല്‍നോട്ട ചുമതല അസി: സെക്രട്ടറി, ഹെഡ് ക്ലര്‍ക്ക്/ ജൂനിയര്‍ സൂപ്രണ്ട് വഹിക്കണം.

ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ എസ്.എം.എസ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. ജീവനക്കാര്‍ ശരിയായ രീതിയില്‍ എന്‍ 95/ സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

ജീവനക്കാര്‍ ഉപകരണങ്ങള്‍ കൃത്യമായി സാനിറ്റൈസ് ചെയ്ത് മാത്രം ഉപയോഗിക്കണം. ജീവനക്കാര്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് കൈകള്‍ സാനിറ്റൈസ് ചെയ്യണം. ജീവനക്കാര്‍ ഹസ്തദാനം ചെയ്യുന്നതും ആഹാരം, പാത്രങ്ങള്‍ എന്നിവ പങ്കുവെക്കുന്നതും ഒഴിവാക്കണം.

ടെലിഫോണ്‍ കോള്‍ അറ്റന്റ് ചെയ്യുന്ന ജീവനക്കാര്‍ ശരിയായ രീതിയില്‍ കൈകള്‍ സാനിറ്റൈസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

പഞ്ചായത്തുകളില്‍ വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഇമെയില്‍ മുഖേനയും ഓണ്‍ലൈനായും അയക്കുന്നതിനാവശ്യമായ അറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കണം. ഓഫീസ് ഇമെയില്‍ മേല്‍വിലാസം, ഓണ്‍ലൈന്‍ വെബ് വിലാസങ്ങള്‍ എന്നിവ പരസ്യപ്പെടുത്തണം.

സേവനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നല്‍കാന്‍ നടപടി വേണം. ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ എസ്.എം.എസ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഫ്രണ്ട് ഓഫീസിലൂടെ മാത്രം സേവനങ്ങള്‍ നല്‍കണം.

ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളില്‍ രോഗപ്രതിരോധ നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കി അടിയന്തിര സ്വഭാവമുള്ള സേവനങ്ങള്‍ മാത്രം നല്‍കാന്‍ നടപടി സ്വീകരിക്കണം.

അസുഖബാധിതരായ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായി ഡ്യൂട്ടി ക്രമീകരിക്കണം. ജീവനക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സന്ദര്‍ശനം ആവശ്യമായി വന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഡ്യൂട്ടിക്ക് ശേഷം ജീവനക്കാര്‍ വീടുകളില്‍ കോവിഡ് മാനദണ്ഡപ്രകാരമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം.

ജീവനക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ച് വിവരം ഓഫീസ് മേലധികാരിയെ അറിയിക്കണം.

കോവിഡ് രോഗപ്രതിരോധം, സി.എഫ്.എല്‍.ടി.സി/ ഡി.സി.സി/ സി.എസ്.എല്‍.ടി.സി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാര്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഉണ്ടെന്ന് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.