അപകടമേ മാറി നില്‍ക്കൂ; പുത്തന്‍ ഹെല്‍മറ്റ് പരീക്ഷണത്തിന് എ ഗ്രേഡ്

post

തൃശ്ശൂര്‍: ഇരുചക്ര വാഹനങ്ങള്‍ ഹെല്‍മെറ്റില്ലാതെ ഓടിച്ച് മരണപ്പെടുന്നവര്‍ നാട്ടില്‍ നിരവധിയാണ്. ഇത് വരാപ്പുഴ പുത്തന്‍ പള്ളി സെന്റ് ജോര്‍ജ് എച്ച് എസ് എസിലെ കുട്ടികള്‍ക്ക് നേരനുഭവവുമാണ്. സ്‌കൂളിനടുത്തെ ഒരാള്‍ ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ച് മരിച്ചപ്പോള്‍ പിറ്റേന്ന് ലാബില്‍ വച്ചാണ് പഌ്ടു വിദ്യാര്‍ത്ഥികളായ അമല്‍ വര്‍ഗീസ്, ആന്റണി കെ പ്രിന്‍സ്, അജിത് പോള്‍, അശ്വിന്‍, അരുണ്‍ ബാബു എന്നീ കുട്ടികളുടെ നേതൃത്വത്തില്‍ സെന്‍സര്‍ ഘടിപ്പിച്ച സ്മാര്‍ട്ട് ഹെല്‍മറ്റ് ഉപയോഗിച്ച് ഓടിക്കുന്ന ബൈക്കിന്റെ പ്രവര്‍ത്തനം രൂപപ്പെട്ടത്. 

ഇതിലൂടെ ബൈക്ക് അപകട മരണങ്ങള്‍ കുറയ്ക്കാനാവുമെന്നും ഇവര്‍ കണ്ടെത്തി. സെന്‍സറുകള്‍ ഘടിപ്പിച്ച ഹെല്‍മറ്റുകള്‍ വാഹനത്തിന്റെ എന്‍ജിനുമായും സ്പീഡോമീറ്ററുമായും ഒരുമിപ്പിക്കും. ഹെല്‍മറ്റിലെ പിന്‍ സ്ട്രാപ്പ് ഘടിപ്പിക്കുമ്പോള്‍ മാത്രമേ സെന്‍സറുകള്‍ പ്രവര്‍ത്തിക്കൂ എന്നതും കൗതുകകരമാണ്. ഈ സെന്‍സറുകള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ചാണ് വാഹനം ഓണാകുന്നതും മുന്നോട്ടു പോകുന്നതും. മാത്രവുമല്ല ഹെല്‍മറ്റിലെ പിന്‍സ്ട്രാപ്പ് ഇട്ടില്ലെങ്കില്‍ ബൈക്ക് അനങ്ങുകയുമില്ല. ഇങ്ങനെയുള്ള ഹെല്‍മറ്റും ബൈക്കും ആളുകളില്‍ എത്തിയാല്‍ അപകട മരണങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും ഇവര്‍ കരുതുന്നു. 

ഇനി ബൈക്ക് മോഷ്ടാക്കള്‍ക്കും ഇത്തരം ബൈക്ക് മോഷ്ടിക്കാന്‍ സാധിക്കില്ല. ബൈക്കോ ഹെല്‍മറ്റോ മോഷ്ടിക്കുമ്പോള്‍ ബ്ലൂടൂത്ത് വഴി ബൈക്കുടമയ്ക്ക് വിവരം ലഭിക്കുന്ന സംവിധാനവും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ഇവരുടെ ഈ പരീക്ഷണം നിരവധി ശാസ്ത്രമേളകളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇനിയും ഇത്തരം കഴിവുകള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായവും ഇവര്‍ പ്രതീക്ഷിക്കുന്നു.