പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികളില്‍ ശാസ്ത്രീയ ഇടപെടലുകള്‍ ആവശ്യം: മുഖ്യമന്ത്രി
പാലക്കാട് :സമൂഹത്തിന് ഉതകുന്നിടത്താണ് ശാസ്ത്രത്തിന്റെ സാഫല്യം. സമൂഹത്തിന് വേണ്ടിയാവണം ശാസ്ത്രം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുപ്പത്തിരണ്ടാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലാവസ്ഥാവ്യതിയാനം, മാലിന്യ സംസ്‌കരണം, പ്രകൃതിദുരന്തങ്ങള്‍ എന്നിവയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ശാസ്ത്രത്തിന് കഴിയണം. കാലാവസ്ഥാ വ്യതിയാനത്തിലൂടെ കേരളം നേരിട്ട വെല്ലുവിളികള്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ചര്‍ച്ചയാകണം. പ്രകൃതിദുരന്തങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത കേരളത്തെ കെട്ടിപ്പടുക്കാനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018ലും 19ലും വെള്ളപ്പൊക്കവും അതിനോടൊപ്പം ഉണ്ടായ മണ്ണിടിച്ചിലും തുടര്‍ന്നുണ്ടായ പകര്‍ച്ചവ്യാധികളും കേരളത്തിന് വെല്ലുവിളിയായി. ഇത്തരം വെല്ലുവിളിയോടൊപ്പം നഷ്ടപരിഹാരവും പുനര്‍നിര്‍മാണവും വലിയ സാമ്പത്തിക ബാധ്യതയായി കടന്നുവരും.
ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങളും പകര്‍ച്ചവ്യാധികളും കടന്നുവരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ ശാസ്ത്രീയ ഇടപെടലുകള്‍ ആവശ്യമാണ്. വൈറസുകള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണോ എന്നതില്‍ ശാസ്ത്ര പരിശോധന ആവശ്യമാണ്. പേമാരി, കടുത്ത വരള്‍ച്ച തുടങ്ങിയ പ്രതിഭാസങ്ങള്‍ക്കായി ആഗോളതാപനവുമായുള്ള ബന്ധവും ശാസ്ത്രലോകം പരിശോധിക്കേണ്ടതാണ്.പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പ്രീഫാബ് പോലെയുള്ള സാമഗ്രികള്‍ കൊണ്ടുള്ള നിര്‍മ്മാണ രീതികളില്‍ കണ്ടുപിടുത്തങ്ങള്‍ ആവശ്യമാണ്. സസൂക്ഷമമായ കാലാവസ്ഥാ പ്രവചനങ്ങളും നല്‍കാനും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ശാസ്ത്രജ്ഞര്‍ക്ക് കഴിയണം. പരിമിതമായ സ്ഥിതിവിവരക്കണക്കുകളും വിശാലമായ അനിശ്ചിതത്വവും സര്‍ക്കാരിനു മുന്നില്‍ ഉള്ള വെല്ലുവിളിയാണ്. ശാസ്ത്രീയ വീക്ഷണത്തിലൂടെ മാത്രമേ ഈ വെല്ലുവിളികളെ മറികടക്കാന്‍ ആവുകയുള്ളൂ. കൈമാറി കിട്ടുന്ന ഭൂമി ആവാസയോഗ്യമാക്കി വരും തലമുറയ്ക്ക് കൈമാറാന്‍ സമൂഹം ചെയ്യേണ്ടതെന്തെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കിയത്. ഹരിത കേരളം പോലെയുള്ള സര്‍ക്കാര്‍ ദൗത്യങ്ങള്‍ക്കായി ശാസ്ത്രലോകത്തിന്റെ ഉയര്‍ന്ന നിലവാരത്തിലുള്ള സഹകരണം ആവശ്യമാണ്. ഭരണസംവിധാനവും ശാസ്ത്രലോകവും ഒരുമിച്ചു പോകണം . ദുരന്തങ്ങളെ ലഘൂകരിക്കാനുള്ള ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ കേരളത്തിന് ആവശ്യമാണ്. ശാസ്ത്രീയമായ അറിവുകള്‍ അന്ധവിശ്വാസം കൊണ്ട് മറയ്ക്കുന്ന അപകടകരമായ പ്രവണത വച്ചുപുലര്‍ത്തുന്നവര്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം.നിരവധി നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് ശേഷം എത്തിച്ചേരുന്ന ശാസ്ത്ര വിലയിരുത്തലുകളാണ് സമൂഹം അംഗീകരിക്കേണ്ടത്.നവോത്ഥാന കാലഘട്ടത്തില്‍ ശ്രീനാരായണഗുരുവും ശിഷ്യനായ സഹോദരന്‍ അയ്യപ്പനും ശാസ്ത്ര ചിന്തകള്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. ഇത് ശാസ്ത്രലോകം സ്മരിക്കേണ്ടതാണ്.
ശാസ്ത്രയുക്തി സമൂഹത്തില്‍ പടര്‍ത്തുക എന്നത് ഭരണഘടനാപരമായ കടമയാണ്. പ്രകൃതി രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ശാസ്ത്രത്തിനെ കഴിയൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൂടുതലായി ഒഴുകിയെത്തുന്ന ജലത്തെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ സംഭരണികളില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. പുഴകളുടെനീരൊഴുക്ക് തടസ്സപ്പെടുത്തുന്ന മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയുന്നുണ്ട് . ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക , മാലിന്യസംസ്‌കരണ പ്രവര്‍ത്തികള്‍ ഊര്‍ജ്ജ പ്പെടുത്തുക, പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയ പ്രകൃതി സൗഹൃദ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നേറുകയാണെന്നും പരിസ്ഥി മലിനീകരണം തടയുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാകും സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള വനം ഗവേഷണ സ്ഥാപനം, മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവ സംയുക്തമായാണ് ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. 'ശാസ്ത്രവും സാങ്കേതികവിദ്യയും കാലാവസ്ഥാ വ്യതിയാന അതിജീവനത്തിനും അനുരൂപീകരണത്തിനും' എന്നാണ് ഈ വര്‍ഷത്തെ ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യവിഷയം. തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞര്‍ക്ക് ഉദ്ഘാടന പരിപാടിയില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ യുവശാസ്ത്ര അവാര്‍ഡും മുഖ്യമന്ത്രിയുടെ സ്വര്‍ണപതക്കവും നല്‍കി.