സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം: 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാന്‍ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡബിള്‍ മാസ്‌ക്ക് ധരിക്കുന്നത് കോവിഡിനെതിരായ സുരക്ഷ വര്‍ധിപ്പിക്കും.

വാള്‍വ് ഘടിപ്പിച്ച മാസ്‌കുകള്‍ ധരിക്കുന്നത് പരിപൂര്‍ണമായി ഒഴിവാക്കണം. എക്സ്ഹലേഷന്‍ വാള്‍വുള്ള മാസ്‌കുകള്‍ ഇവിടെ നിരോധിക്കപ്പെട്ടതാണ്. എന്‍ 95 മാസ്‌ക്ക് ഉപയോഗിക്കുകയോ, അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കിനു മുകളില്‍ തുണി മാസ്‌കു ധരിക്കുകയോ ആണ് വേണ്ടത്.

ഓക്സിജന്‍ വീട്ടില്‍ ഉത്പാദിപ്പിക്കാം എന്നു പറഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പടര്‍ത്തുന്ന സന്ദേശങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. അതെല്ലാം അടിസ്ഥാനരഹിതവും അപകടം വിളിച്ചു വരുത്തുന്നവയുമാണ്. ഇത്തരത്തിലുള്ള അശാസ്ത്രീയമായ പ്രചാരണം നടത്തരുത്. ഇതില്‍ കുടുങ്ങാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

ഗ്രാമപ്രദേശങ്ങളിലെ കോവിഡ് വ്യാപനം തടയുന്നതിന് വീട്ടമ്മമാരുടെയും സ്ത്രീകളുടെയും സേവനം വിനിയോഗിക്കും. ജില്ലകളില്‍  പ്രവര്‍ത്തിക്കുന്ന വനിതാ പോലീസ് സ്റ്റേഷനുകള്‍, വനിതാ സെല്‍ എന്നിവിടങ്ങളിലുളളവരുടെ സഹായത്തോടെയാണ്  പദ്ധതി നടപ്പാക്കുക.  വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഗ്രാമപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വീട്ടമ്മമാര്‍ക്കും സ്ത്രീകള്‍ക്കും കോവിഡ് അവബോധന ക്ലാസുകള്‍ നല്‍കും. ക്വാറന്റീന്‍ ലംഘനങ്ങളും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ  ലംഘനങ്ങളും കണ്ടെത്തി പോലീസിനെ അറിയിക്കാന്‍ സ്ത്രീകളെ സജ്ജരാക്കും. കോവിഡ് പോസിറ്റീവ് രോഗികള്‍ക്കും  ക്വാറന്റീനില്‍ ഉള്ളവര്‍ക്കും ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ വിശദീകരിച്ചു നല്‍കാനും ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെ സേവനം വിനിയോഗിക്കും.

എത്ര വലിയ ആരാധനാലയങ്ങളിലും പരമാവധി 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുളളത്. ചെറിയ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം അവയുടെ വലിപ്പം അനുസരിച്ച് 50 ല്‍ താഴെയായി പരിമിതപ്പെടുത്തേണ്ടതാണ്. സാമൂഹിക അകലം പാലിക്കാത്ത തരത്തില്‍ ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ കടക്കുന്നില്ലെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉറപ്പാക്കും. ഇതിനായി അവര്‍ ആരാധനാലയങ്ങളിലെ ഭാരവാഹികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം.

വോട്ടെണ്ണല്‍ ദിനത്തില്‍ യാതൊരു വിധത്തിലുമുളള ആഘോഷപ്രകടനങ്ങളും കൂടിച്ചേരലുകളും അനുവദിക്കില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും  ചേര്‍ന്ന് എടുത്ത തീരുമാനമാണതെന്ന് മുഖ്യമന്ത്രി പറഞ്ഞു.