കൊറ്റങ്കരയില്‍ മുഴുവന്‍സമയ സഹായകേന്ദ്രം തുറന്നു

post

കൊല്ലം : കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ്-19 സഹായകേന്ദ്രം  പ്രവര്‍ത്തനം ആരംഭിച്ചു. കരിക്കോട്  മത്സ്യഫെഡ് കെട്ടിടത്തിന്റെ ആക്ടീവ് ഹാംസ് അമച്വര്‍ റേഡിയോ സൊസൈറ്റി ഓഫീസിലാണ് സഹായ കേന്ദ്രം.

കോവിഡ് സംബന്ധിച്ച സംശയ ദൂരീകരണം,  വാക്സിനേഷന്‍ കേന്ദ്രങ്ങള്‍, കോവിഡ് ആശുപത്രികള്‍, കോവിഡ് ടെസ്റ്റ് ലാബുകള്‍, ആംബുലന്‍സ് അടക്കമുള്ള വാഹന സൗകര്യങ്ങള്‍ തുടങ്ങി ഏത് ആവശ്യങ്ങള്‍ക്കും ഈ സംവിധാനം  പ്രയോജനപ്പെടുത്താം.  രോഗബാധിതര്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണസാധനങ്ങള്‍, മരുന്ന്, എന്നിവ എത്തിച്ചു നല്‍കാനും ഓക്സിജന്റെ അളവ്  കുറയുന്ന രോഗികളെ അടിയന്തരഘട്ടങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനും സഹായം ലഭിക്കും. തുടര്‍ നടപടികള്‍ ആവശ്യമായിട്ടുള്ള വിഷയങ്ങള്‍ അതത് വകുപ്പുകളിലേക്ക് കൈമാറും.

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ദേവദാസ്, സെക്രട്ടറി പി. എസ്. ലേഖ, എന്നിവരുടെ നേതൃത്വത്തില്‍ ആണ് സഹായകേന്ദ്രം  പ്രവര്‍ത്തിക്കുന്നത്. ഇരുപത്തിയൊന്നാം വാര്‍ഡിലെ പരിശീലനം ലഭിച്ച സന്നദ്ധസേനാ പ്രവര്‍ത്തകരും പന്ത്രണ്ട് ഹാം റേഡിയോ പ്രവര്‍ത്തകരും ആണ് ഇവിടെ സേവനസന്നദ്ധരായി  ഉള്ളത്. എ.കെ. നിഷാന്തിനാണ് പ്രവര്‍ത്തന ചുമതല. ഫോണ്‍ നമ്പര്‍ :6282365252, 7907064706.