കോവിഡ് നിയന്ത്രണം; വിപുല പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി തദ്ദേശ സ്ഥാപനങ്ങള്‍

post

കൊല്ലം: കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കോര്‍പറേഷന്‍, നഗരസഭകള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിപുല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കോര്‍പ്പറേഷനില്‍ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാദിവസവും മേയറുടെ അധ്യക്ഷതയില്‍ സ്റ്റിയറിങ് കമ്മിറ്റി ചേരും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം വിപുലപെടുത്തും. ടീമിലേക്ക് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ശാസ്ത്രാവബോധമുള്ള യുവജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തും.

കൊട്ടാരക്കര നഗരസഭയില്‍ കുടുംബശ്രീയുടെ സഹായത്തോടെ ജനകീയ ഭക്ഷണശാല ഇന്ന്(മെയ് 9)മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. 25 രൂപ നിരക്കില്‍ ഉച്ചഭക്ഷണം  വീടുകളില്‍ എത്തിച്ചു നല്‍കും.  മെയ് 16 വരെ നഗരസഭാ പരിധിയിലുള്ള എല്ലാ വിഭാഗം രോഗികള്‍ക്കും ഫോണ്‍ വഴി  ഒരു മണിക്കൂര്‍ ഡോക്ടറോട് സംസാരിക്കാം. മരുന്നുകളും വീടുകളില്‍ എത്തിക്കുമെന്ന്  നഗരസഭാ അധ്യക്ഷന്‍ എ.ഷാജു അറിയിച്ചു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വഴിയോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവര്‍ക്ക് ഇന്ന്(മെയ് 09) മുതല്‍ പുനലൂര്‍ നഗരസഭ ജനകീയ ഹോട്ടലുകളില്‍നിന്ന് ഭക്ഷണപ്പൊതികള്‍ എത്തിക്കും. രണ്ട് വീതം ആംബുലന്‍സുകളും ടാക്‌സികളും ഒരു ഓട്ടോറിക്ഷയും അടിയന്തര സാഹചര്യം നേരിടാന്‍ ഏര്‍പ്പെടുത്തി. എല്ലാ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ഏഴ് ശതമാനം വിലക്കുറവില്‍ മരുന്നുകളും ഇന്ന് മുതല്‍(മെയ് 9)  ലഭ്യമാക്കും. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സേവനം 35 വാര്‍ഡിലും ഉണ്ടാകും. ഒരു വാര്‍ഡില്‍ 10 വീതം സന്നദ്ധസേവകര്‍ അടങ്ങുന്ന പ്രത്യേക ടീം സജ്ജമാണ്. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്കായി  രണ്ടു ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ 50 കിടക്കകളുള്ളതും പുനലൂര്‍ കെ. ജി. ഓഡിറ്റോറിയത്തില്‍ 100 കിടക്കകളുമുള്ള രണ്ട് സി.എഫ്.എല്‍.ടി.സികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് താലൂക്ക് ആശുപത്രിയില്‍ തന്നെ ഓക്‌സിജന്‍ ജനറേറ്റര്‍ സ്ഥാപിക്കുമെന്ന്  ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം അറിയിച്ചു.

പരവൂര്‍ നഗരസഭയില്‍ ഡോമിസിലറി കെയര്‍ സെന്റര്‍   പ്രവര്‍ത്തനസജ്ജമായി.  കൊച്ചാലുംമൂട് ചിറയില്‍ ക്ഷേത്രത്തിനു സമീപമുള്ള പകല്‍വീട്ടിലാണ് 70 കിടക്കകളുള്ള ചികിത്സാകേന്ദ്രം. ആംബുലന്‍സ് സേവനവുമുണ്ട് ചെയര്‍പേഴ്‌സണ്‍ പി. ശ്രീജയുടെ നേതൃത്വത്തില്‍ സ്ഥിരംസമിതി അംഗങ്ങള്‍, സെക്രട്ടറി, പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന കോവിഡ് കെയര്‍ കമ്മിറ്റി രൂപീകരിച്ചു. 32 വാര്‍ഡുകളിലും പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ സന്നദ്ധസേന അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട ജാഗ്രതാ സമിതികളും പ്രവര്‍ത്തിക്കുന്നു. മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഒന്നിടവിട്ട  ദിവസങ്ങളില്‍ അണുനശീകരണം നടത്തുന്നുണ്ട്.   കോവിഡ് വാര്‍ റൂം, മുഴുവന്‍ സമയ സഹായകേന്ദ്രം(ഫോണ്‍-04742512340) എന്നിവ തുടങ്ങിയെന്നു സെക്രട്ടറി എന്‍. കെ. വൃജ അറിയിച്ചു. 10 സന്നദ്ധ  പ്രവര്‍ത്തകരെയും നഗരസഭാ ജീവനക്കാരെയും ചുമതലപ്പെടുത്തി.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ കരീപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്‌ക് ഒരുക്കി. മരുന്നുകള്‍, അവശ്യസാധനങ്ങള്‍, ഭക്ഷണം എന്നിവ വീടുകളില്‍ എത്തിക്കും എന്ന് കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് പ്രശോഭ പറഞ്ഞു.

മുഖത്തല ബ്ലോക്കിലെ നെടുമ്പന പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.ടി.സി.യില്‍ 50 ഓക്‌സിജന്‍ ഘടിപ്പിച്ച കിടക്കകള്‍ സ്ഥാപിക്കും. എല്ലാ പഞ്ചായത്തുകളിലും വാര്‍ഡുതല വാര്‍ റൂമുകള്‍ സജീവമാണ്.

അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഡൊമിസിലറി സി.എഫ്.എല്‍.ടി.സി പ്രവര്‍ത്തനമാരംഭിച്ചു. അഞ്ചല്‍ ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തില്‍ 50 കിടക്കകളും 30 ഓളം ബെഞ്ചുകളും ക്രമീകരിച്ചിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണം എന്നിവയും കേന്ദ്രങ്ങളില്‍ ഒരുക്കിയതായി പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ പറഞ്ഞു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എന്‍.എസ.്എസ് കോളേജില്‍ ഡൊമിസിലറി സി.എഫ്.എല്‍.ടി.സി തയ്യാറാകുന്നു. 50 ബെഡ്ഡുകള്‍ ഇവിടെ സജ്ജീകരിക്കും. ഡോക്ടര്‍മാരുടെ സേവനം, ഭക്ഷണം, കുടിവെള്ളം എന്നിവ ലഭ്യമാക്കും എന്ന് പ്രസിഡന്റ് ലതിക വിദ്യാധരന്‍ പറഞ്ഞു.

കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിച്ചു. കാഞ്ഞിരത്തുംമൂട് എ.ജെ.എം ഓഡിറ്റോറിയത്തില്‍  100 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രണ്ട് ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനവും ഏര്‍പ്പെടുത്തി. എട്ടു ഗ്രാമപഞ്ചായത്തുകളിലെ പി.എച്ച്.സികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ വഴി വിപുല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സ്റ്റെപ് ഡൗണ്‍ സി.എഫ്.എല്‍.ടി.സി. നാളെ (മെയ് 10) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.   ചാത്തന്നൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലാണ് 50 കിടക്കകളുള്ള കേന്ദ്രം. കുടിവെള്ളം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ  പ്രാഥമിക സംവിധാനങ്ങള്‍, പ്ലമ്പിംഗ്, ഇലക്ട്രിഫിക്കേഷന്‍ എന്നിവ പൂര്‍ത്തിയായിക്കഴിഞ്ഞതായി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ജി. ഷൈനി അറിയിച്ചു. ഭക്ഷണവിതരണം കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പിലാക്കും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് മോണിറ്ററിംഗ് സമിതി,  കോവിഡ് ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയും അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍  വാര്‍ഡ് തല ജാഗ്രത സമിതികളും രൂപീകരിച്ചിട്ടുണ്ട്. ശുചീകരണം, ഭക്ഷണവിതരണം എന്നിവയ്ക്കായി വാര്‍ഡ് തലത്തില്‍ 10 യുവാക്കള്‍ ഉള്‍പ്പെട്ട റാപ്പിഡ് റെസ്‌പോണ്‍സ് ടീമും സജ്ജമായതായി ബി.ഡി.ഒ അറിയിച്ചു.

  ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ സ്റ്റെപ്പ് ഡൗണ്‍ സി.എഫ്.എല്‍.ടി.സി നാളെ(മെയ് 10) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കിഴക്കേകല്ലട സി.വി.കെ.എം സ്‌കൂളിലാണ് 100 കിടക്കകളുള്ള ചികിത്സാകേന്ദ്രം. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി ടീച്ചര്‍ പറഞ്ഞു. 10 സന്നദ്ധപ്രവര്‍ത്തകരാണ് ഇവിടെ സേവനത്തിനായി ഉണ്ട്.

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ ബിഷപ്പ് എന്‍ജിനീയറിങ് കോളേജിലെ ഹോസ്റ്റലുകളാണ് 120 കിടക്കകളുള്ള സ്റ്റെപ്പ് ഡൗണ്‍ സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിക്കുക. 12 രോഗികള്‍ ഇവിടെ ചികിത്സയിലുണ്ട്.  100 കിടക്കകളുള്ള കെട്ടിടം പ്രവര്‍ത്തനസജ്ജമായതായും  ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഹി പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ്  രോഗികള്‍ക്കായി  വാഹനങ്ങളും സജ്ജമാണ്.

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ രോഗവ്യാപനം കൂടുതലുള്ള കുലശേഖരപുരം പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജം. അമൃത എന്‍ജിനീയറിങ് കോളേജ് കെട്ടിടത്തിലാണ് 100 കിടക്കകളുള്ള ചികിത്സാകേന്ദ്രം ഒരുക്കിയത്.

ക്ലാപ്പന, തൊടിയൂര്‍, ആലപ്പാട്, തഴവ പഞ്ചായത്തുകള്‍ക്കായി അമൃതാനന്ദമയി കോളേജ്  ഹോസ്റ്റല്‍ കെട്ടിടത്തില്‍ 100 കിടക്കകളുള്ള കോവിഡ്  ചികിത്സാ കേന്ദ്രം സജ്ജമാക്കി എന്ന് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍ പറഞ്ഞു.

പത്തനാപുരം താലൂക്ക് ആശുപത്രിയില്‍  കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനും സഹായം എത്തിക്കുന്നതിനായി 24 മണിക്കൂര്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. പത്തനാപുരം, വിളക്കുടി, തലവൂര്‍, പിറവന്തൂര്‍, പട്ടാഴി വടക്കേക്കര, പട്ടാഴി പഞ്ചായത്തുകളില്‍ 254 പേരടങ്ങുന്ന സന്നദ്ധ സേന രൂപീകരിച്ചു. നിലവില്‍ സി.എഫ്.എല്‍.ടി.സികളില്‍ 250 ഓളം കിടക്കകള്‍ സജ്ജീകരിച്ചതായി ചാര്‍ജ് ഓഫീസര്‍ ടി. അനൂപ് കുമാര്‍ പറഞ്ഞു.