കോവിഡ് 19; ജില്ലയില്‍ അഞ്ച് ആശുപത്രികളില്‍ ട്രയാജ് സംവിധാനം

post

ഹോം ഐസൊലേഷന്‍കാര്‍ക്കായി ട്രയാജ് സംവിധാനം

ആലപ്പുഴ: കോവിഡ് 19 രോഗം പരിശോധനയിലൂടെ സ്ഥിരീകരിച്ച് ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഓക്സിജന്‍ സാച്ചുറേഷന്‍ റീഡിങ് 94 ശതമാനത്തില്‍ കുറയുകയോ ഹൃദയമിടിപ്പ് മിനിട്ടില്‍ 90ല്‍ കൂടുകയോ ചെയ്താല്‍ ആരോഗ്യപ്രവര്‍ത്തകരെ ഫോണിലറിയിച്ച് അടുത്തുള്ള പ്രധാന ആശുപത്രിയിലെ ട്രയാജ് സംവിധാനത്തിലൂടെ ചികിത്സ നേടാം. നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കിലും സ്രവത്തിലും രക്തം, അതിയായ ക്ഷീണം, കിതപ്പ്, ശ്വാസതടസം എന്നിവയുണ്ടായാല്‍ ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചശേഷം ആശുപത്രിയിലേക്ക് മാറാന്‍ തയാറാകണം. തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ ഹെല്‍പ് ഡെസ്‌കിനെ അറിയിച്ചാല്‍ വാഹനസൗകര്യം ലഭ്യമാകും. ഏറ്റവും അടുത്ത് ട്രയാജ് സംവിധാനമുള്ള ആശുപത്രിയെയാണ് സമീപിക്കേണ്ടത്. നേരിട്ട് ടി.ഡി. മെഡിക്കല്‍ കോളജടക്കമുള്ള കോവിഡ് ആശുപത്രികളിലേക്ക് എത്തിക്കുന്നതിനു പകരം അടുത്തുള്ള ട്രയാജ് ആശുപത്രിയുടെ സേവനം ഉപയോഗിക്കണം. ചേര്‍ത്തല താലൂക്ക് ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രയാജ് സംവിധാനമുള്ളത്.  

ട്രയാജ് കേന്ദ്രത്തില്‍ കോവിഡ് രോഗിയെ പ്രവേശിപ്പിച്ചാല്‍ ആരോഗ്യനില വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി തുടര്‍ചികിത്സയ്ക്ക് നടപടി സ്വീകരിക്കും.