ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ സാധ്യമല്ല: മന്ത്രി ഇ ചന്ദ്രശേഖരന്‍

post

കാസര്‍ഗോഡ് : ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ സൃഷ്ടിച്ചതെന്നും അതിനാല്‍ ഭരണഘടനയ്ക്ക് മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ സാധ്യമല്ലെന്നും റവന്യു ഭവന നിര്‍മാണ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇന്ത്യക്കൊപ്പം രൂപം കൊണ്ട ലോകത്തെ പല രാജ്യങ്ങളിലെയും ജനാധിപത്യ വ്യവസ്ഥകള്‍ ആന്തരിക വൈരുദ്ധ്യങ്ങളാല്‍ ശിഥിലമായപ്പോഴും ശക്തമായ ഭരണഘടനയുടെ ബലത്തിലാണ് വൈവിധ്യങ്ങളെ കരുത്താക്കി മാറ്റി മുന്നേറാന്‍ രാജ്യത്തിന് സാധിച്ചതെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 71-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ റിപബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പ്രസിദ്ധമായ കേശവാനന്ദഭാരതിസ്റ്റേറ്റ് ഓഫ് കേരള കേസില്‍ സുപ്രീം കോടതി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ഭേദഗതികളിലൂടെ മാറ്റാന്‍ പാടില്ലായെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചതാണ്. ഇന്ത്യന്‍ റിപ്പബ്ലിക് എന്നാല്‍ ഇന്ത്യന്‍ ഭരണഘടന തന്നെയാണ്. പൂര്‍വികര്‍ ജീവന്‍ കൊടുത്തു നേടിയ, രാഷ്ട്രശില്പികള്‍ സ്വപ്നം കണ്ട, ഇന്ന് നാം സ്വതന്ത്രരായി ജീവിക്കുന്ന, വരും തലമുറകള്‍ക്ക് സമാധാനമായി ജീവിക്കാന്‍ കഴിയുന്ന, ലോകം ആദരിക്കുന്ന നമ്മുടെ ഇന്ത്യ നിലനില്‍ക്കുന്നത് മഹത്തായ ഭരണഘടനയുടെ അടിത്തറയിലാണ്. ഭരണഘടനയെ ശക്തിപ്പെടുത്താനും അതിന്റെ മൂല്യങ്ങളെ മനസിലാക്കാനും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന ശക്തികളെ ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങളെ കൊണ്ട് റിപ്പബ്ലിക് ദിനം സാര്‍ത്ഥകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ണമോ വേഷമോ നോക്കാതെ തോളോട് ചേര്‍ന്ന് പോരാടിയ ഒരുപാട് തലമുറകളുടെ ദേശാഭിമാനം തുടിക്കുന്ന ഹൃദയങ്ങളുമായി നടന്നു തീര്‍ത്ത സമര്‍പ്പണത്തിന്റെ ദൂരമാണ് കഴിഞ്ഞ 71 വര്‍ഷങ്ങള്‍. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വഴികളിലൂടെ ഈ യാത്ര തുടര്‍ന്നും ജീവന്‍ നല്‍കിയും ഭരണഘടനാ അവകാശങ്ങളെ നാം സംരക്ഷിക്കും. സമത്വത്തിലധിഷ്ടിതമായ ജനക്ഷേമം എന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗദീപമായ ഭരണഘടനയ്ക്ക് കരുത്ത് പകരാന്‍ ദൃഢപ്രതിജ്ഞ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.