ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം ആര്‍. ടി. പി. സി. ആര്‍

post

തിരുവനന്തപുരം:  പരിശോധന നെഗറ്റീവ് ആകുന്ന, രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം, ആര്‍. ടി. പി. സി. ആര്‍ നടത്തുന്നതാണ് ഈ ഘട്ടത്തില്‍ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റ് ഫലം വൈകുന്ന സാഹചര്യത്തില്‍ ഇതാണ് ഉചിതം. ഐസിഎംആറിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്ന റെയില്‍വേ യാത്രക്കാര്‍  യാത്ര പുറപ്പെടുന്നതിന്  72 മണിക്കൂര്‍ മുമ്പുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റീവ്  സര്‍ട്ടിഫിക്കറ്റ് കരുതണം.

ആശുപത്രികളില്‍ തടസമില്ലാതെ വൈദ്യുതി ഉറപ്പുവരുത്തണം. ഇതിനായി ആശുപത്രികള്‍ എമര്‍ജന്‍സി ഇലക്ട്രിക് സപ്ലൈ ഉറപ്പാക്കണം.  അതിതീവ്ര മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ള ദിവസങ്ങളാണ് മുന്നിലുള്ളത്. അതുകൊണ്ട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ കെഎസ്ഇബിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഓക്സിജന്‍ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഓക്സിജന്‍ ഉപയോഗിക്കുന്ന ഇടങ്ങളില്‍ ഓക്സിജന്‍ ഓഡിറ്റ് ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ആശുപത്രികളില്‍ തീപിടുത്തം ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി ഓര്‍ഡര്‍ ചെയ്ത വാക്സിന്‍ അവര്‍ക്ക് തന്നെ നല്‍കും. പള്‍സ് ഓക്സിമീറ്റര്‍ കുറഞ്ഞ ചെലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വഴി  നിര്‍മ്മിക്കുന്നത് പരിഗണിക്കും.  അതിന്റെ  സാങ്കേതിക കാര്യങ്ങള്‍ കെല്‍ട്രോണിനെക്കൊണ്ട് നിര്‍വഹിക്കാന്‍ വ്യവസായ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ചില സ്ഥലങ്ങളില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികളെ മാസ്‌ക് ധരിക്കാതെ പൊതുനിരത്തില്‍ കാണുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തവും കടമയുമാണ്. ഇക്കാര്യം മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.