ഒരു വിഭാഗത്തിന് നീതി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല-മന്ത്രി കെ. കൃഷ്ണന്‍കുട്ടി

post

കോട്ടയം :സമൂഹത്തിലെ ഒരു വിഭാഗത്തിന് നീതി നിഷേധിക്കുന്നത് അംഗീകരിക്കാന്‍ നിയമനിഷേധ പോരാട്ടങ്ങള്‍ നടത്തി സ്വാതന്ത്ര്യം നേടിയ ജനതയ്ക്ക് കഴിയില്ലെന്ന്  ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.  കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
രാജ്യം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്.  ദേശീയ പൗരത്വ ബില്ലും പൗരത്വ ഭേദഗതി നിയമവും  ജനങ്ങളില്‍ കടുത്ത ആശങ്ക പരത്തിയിരിക്കുന്നു  നിയമമല്ല, നിഷേധിക്കപ്പെടുന്ന നീതിയാണ് പ്രധാനമെന്ന മഹാത്മഗാന്ധിയുടെ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നു.നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ അധിഷ്ഠിതമായി ജനാധിപത്യ പ്രക്രിയയിലൂടെ പടുത്തുയര്‍ത്തിയ ഇന്ത്യ ലോകത്തിന് മാതൃകയാണ്. എന്നാല്‍ സമീപ കാലത്ത് വികസനക്കുതിപ്പിന് തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചില കോണുകളില്‍ പ്രകടമാകുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനും വര്‍ഗീയ വിഷം പടര്‍ത്തുവാനുമുള്ള ശ്രമങ്ങളെ നാം ഗൗരവമായി കാണണം.  നിയമനിര്‍മാണ സഭകളെ നോക്കുകുത്തിയാക്കി നിയമങ്ങള്‍ നടപ്പാക്കുന്ന പ്രവണത ഫെഡറല്‍ ജനാധിപത്യ സംസ്‌കാരത്തിന് യോജിച്ചതാണോ എന്ന്  വിലയിരുത്തണം. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ജനങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗമനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരികയാണ്.  ചുരുങ്ങിയ കാലത്തിനുള്ളില്‍ സംസ്ഥാന വികസനത്തില്‍ സമൂലമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചു-മന്ത്രി പറഞ്ഞു.