സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ 30 വരെ നീട്ടി; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും

post

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടിപിആര്‍ 25 ശതമാനത്തിനു താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തു. അതിനാല്‍ എറണാകുളം, തൃശൂര്‍, തിരുവനന്തപുരം  ജില്ലകളില്‍ ശനിയാഴ്ച രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കും. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. മലപ്പുറത്ത് പോലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കും.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, പോസ്റ്റല്‍ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീല്‍ഡ് ജീവനക്കാരെ വാക്സിനേഷനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. തുറമുഖ ജീവനക്കാരെയും ഇതില്‍പെടുത്തും. വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അത് നല്‍കാന്‍ സംവിധാനമുണ്ടാക്കും. വിദേശത്ത് പോകുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പാസ്പോര്‍ട്ട് നമ്പര്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തുനല്‍കും.

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്റെ ലഭ്യത ഉറപ്പാക്കും. അതുസംബന്ധിച്ച് ബോധവല്‍ക്കരണവും സംഘടിപ്പിക്കും. മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സക്കുള്ള ഒരു മരുന്ന് വികസിപ്പിച്ചിട്ടുണ്ട്. കോവിഡ് വൈറസുകള്‍ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകല്‍ തടയുന്ന ആന്റി വൈറല്‍ മരുന്നാണിത്. ഇതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. അമിതമായി ഗുരുരമല്ലാത്ത കോവിഡ് രോഗികളുടെ ഓക്സിജന്‍ ആശ്രയത്വം കുറയ്ക്കാന്‍ മരുന്ന് സഹായിക്കും. ഇതിന്റെ 50,000 ഡോസിനായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. ജൂണില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

വാക്സിനുകള്‍ ഉല്‍പാദിപ്പിക്കാനുള്ള സംവിധാനം ഇവിടെ ഒരുക്കാന്‍ വാക്സിന്‍ ഉല്‍പാദക മേഖലയിലെ വിദഗ്ദരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി കാമ്പസില്‍ വാക്സിന്‍ കമ്പനികളുടെ ശാഖകള്‍ ആരംഭിക്കാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. ഈ മേഖലയിലെ വിദഗ്ധര്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ച് വെബിനാര്‍ നടത്തി ധാരണയിലെത്തും.

ആദിവാസി കോളനികളില്‍ അവശ്യസാധാനങ്ങളും മറ്റും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യ സാധനങ്ങള്‍ക്ക് വേണ്ടി ആദിവാസികള്‍ പുറത്തു പോകുന്നത് ഈ ഘട്ടത്തില്‍ പ്രശ്നമാകും. അക്കാര്യം ശ്രദ്ധിക്കാനാണ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് അവശ്യ സര്‍വീസാക്കും. പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൃഷിക്കാര്‍ക്ക് വിത്തിറക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. ഇതിന് പ്രത്യേക ഇളവ് നല്‍കും. വിത്തിറക്കാനും കൃഷിപ്പണിക്കും പോകുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ടെയിന്‍മെന്റ് സോണുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിലവില്‍ തടസ്സമില്ല. നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. അതിഥിത്തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഉറപ്പാക്കാന്‍ ഇത് സഹായിക്കും. കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണം ശക്തിപ്പെടുത്തി. ഇങ്ങനെ കഴിയുന്നവര്‍ വീടുകളില്‍ തന്നെ ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഫോണ്‍ ചെയ്ത് വിവരം അന്വേഷിക്കുന്ന സംവിധാനം നടപ്പാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.