കോവിഡിനെതിരെ പോരാടാന്‍ കുടുംബശ്രീയും

post

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാക്കാന്‍ സ്വരൂപ്പിച്ചത് നാല്പത് ലക്ഷത്തോളം രൂപ

കോഴിക്കോട്: കോവിഡ് പ്രതിരോധം തീര്‍ക്കാന്‍  അഞ്ചും പത്തും രൂപ കൂട്ടിച്ചേര്‍ത്ത്  ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ നല്‍കിയത് നാല്പത് ലക്ഷത്തോളം രൂപ.  കോവിഡ് പ്രതിരോധത്തിനുള്ള  ജില്ലഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതാണ് കുടംബശ്രീയുടെ സമാനതകളില്ലാത്ത ഈ പ്രവര്‍ത്തനം.  ജില്ലയിലെ വിവിധ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റേയും നാഷണല്‍ ഹെല്‍ത്ത് മിഷന്റേയും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താണ്  കുടുംബശ്രീ മുന്നോട്ടുവന്നത്.   ഇരുപത്തെട്ടായിരത്തോളം വരുന്ന കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലായി നാലര ലക്ഷത്തോളം അംഗങ്ങളാണുള്ളത്. വിവിധ കുടുംബശ്രീ സി.ഡി.എസ്സുകള്‍ വഴി സ്വരൂപിച്ച 38,66,310  രൂപയുടെ ചെക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കവിത പി.സി ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് കൈമാറി.  ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള കുടുംബശ്രീ സംവിധാനത്തിന്റെ സന്നദ്ധത പ്രസ്ഥാനത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയാണ് വെളിവാക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു.

കോഴിക്കോട് കോര്‍പ്പറേഷനിലെ കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് അഞ്ച് ലക്ഷത്തിലധികം രൂപ അടുത്ത ദിവസം തന്നെ നഗരപരിധിയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും പ്രതിരോധ ഉപകരണങ്ങളും വാങ്ങുന്നതിന് കോര്‍പ്പറേഷന്‍ ഭരണസമിതിയെ ഏല്‍പ്പിക്കും.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ അയല്‍ക്കൂട്ടങ്ങളില്‍ നിന്നൊഴികെയുള്ള അംഗങ്ങള്‍ ചേര്‍ന്ന് ചെറിയ  തുകകള്‍ സ്വരൂപിച്ചാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഈ മഹത്തായ ഉദ്യമത്തില്‍ പങ്കുചേര്‍ന്നത്.