മുതിര്‍ന്നവരുടെ പരാതികള്‍ക്ക് പോലീസിന്റെ സഹായഹസ്തം

post

ഇടുക്കി : ഇടുക്കി ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ വയോജനങ്ങളില്‍ നിന്ന് പരാതികളും ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു. തൊടുപുഴ, മൂന്നാര്‍, കട്ടപ്പന ഡിവൈഎസ്പി ഓഫീസുകളിലാണ് ഉച്ചയ്ക്ക് 12ന് പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ചത്. കുയിലിമല ജില്ലാപോലീസ് മേധാവിയുടെ കാര്യലയത്തില്‍ സംഘടിപ്പിച്ച വയോജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള അവസരം അക്ഷരാര്‍ത്ഥത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് പോലീസ് സൗഹൃദ സംഗമമായി  മാറി. തങ്ങളുടെ പരാതികളും പരിഭവങ്ങളും പങ്കുവെച്ച മുതിര്‍ന്ന പൗരന്‍മാര്‍ സാമൂഹിക പ്രശ്‌നങ്ങളും ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പരാതികളിന്‍മേല്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പോലീസ് മേധാവി അതത് സ്റ്റേഷന്‍പരിധിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം വേദികള്‍ ഇല്ലെന്ന പരാതിയും, ഇത്തരം സദസ്സ് മാസത്തില്‍ ഒരു തവണയെങ്കിലും ഉണ്ടാകണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. നാല്‍പ്പതോളം മുതിര്‍ന്ന പൗരന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയുവാനും പരിഹരിക്കുവാനും,  സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന  വിഭാഗമെന്ന നിലക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പോലീസ് സേനയുടെ പരമാവധി സഹായങ്ങളെത്തിച്ച് കൊടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്് പരിപാടി സംഘടിപ്പിച്ചത്.  ജില്ലാ പോലീസ് കാര്യലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി.കെ മധു, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്ജ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുള്‍ സലാം, ഇടുക്കി ഇന്‍സ്‌പെക്ടര്‍ സിബിച്ചന്‍ ജോസഫ്,  കഞ്ഞിക്കുഴി ഇന്‍സ്‌പെക്ടര്‍ വര്‍ഗീസ് അലക്‌സാണ്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 തൊടുപുഴ പോലീസ് സബ്. ഡിവിഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍  നിരവധി മുതിര്‍ന്നവര്‍  പങ്കെടുത്തു. ഡിവൈ.എസ്.പി. കെ.പി. ജോസ് യോഗം ഉദ്ഘാടനം ചെയ്തു. അയല്‍വാസികളില്‍ നിന്നുള്ള ഉപദ്രവം, അതിര്‍ത്തി തര്‍ക്കം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വയോധികര്‍ പരാതി നല്‍കി. തൊടുപുഴ, കരിങ്കുന്നം, കാളിയാര്‍, കരിമണ്ണൂര്‍, മുട്ടം, കാഞ്ഞാര്‍, കുളമാവ്,  കരിമണല്‍, മുരിക്കാശ്ശേരി എന്നിവിടങ്ങളില്‍ നിന്നായെത്തിയ മുതിര്‍ന്നവരുമായി ഡിവൈ.എസ്.പി. കെ.പി. ജോസ് സംവദിച്ചു. മുരിക്കാശ്ശേരി അഡീ. എസ്.ഐ. ജോണ്‍സണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, അഖില്‍, എല്‍ദോ എന്നിവര്‍ പങ്കെടുത്തു.  മൂന്നാറില്‍ ഡി.വൈ.എസ്.പി എം രമേഷ് കുമാറിന്റെ നേതൃത്വത്തില്‍   40 തോളം പരാതികള്‍ കേട്ടു.  ചികിത്സക്കായി ആശുപത്രിയില്‍ എത്തുന്ന സമയങ്ങളില്‍ കൂടുതല്‍ നേരം ക്യൂ നില്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക,, അര്‍ഹതപ്പെട്ട സര്‍ക്കാര്‍  സേവനങ്ങള്‍  വേഗത്തില്‍ ലഭ്യമാക്കുക, പെന്‍ഷന്‍ കൃത്യ സമയത്ത് ഉറപ്പാക്കുക തുടങ്ങിയ  ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു. പരാതികളില്‍ ഉചിതമായ നടപ്പടികള്‍ സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.