തദ്ദേശ സ്ഥാപനങ്ങള്‍ സന്നദ്ധ സേനകളെ കൂടുതല്‍ ശക്തമാക്കണം- മുഖ്യമന്ത്രി

post

തിരുവനന്തപുരം : 20 വീടുകള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ സന്നദ്ധ സേനകളെ കൂടുതല്‍ ശക്തമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സന്നദ്ധ സേനാംഗങ്ങള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള പരിശീലനവും കിറ്റും നല്‍കണം. കൃത്യമായ ആശയവിനിമ നിര്‍ദ്ദേശങ്ങളും ഇവര്‍ക്ക് നല്‍കണം. പ്രളയമുണ്ടാവുകയും ക്യാമ്പുകളിലേയ്ക്ക് മാറുകയും ചെയ്യുകയാണെങ്കില്‍ ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ ആവശ്യമായ സേവനങ്ങളും ഉറപ്പു വരുത്തണം. ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന പദ്ധതിയുടെ ഹെല്പ് ലൈനുകള്‍ വഴി ആ സേവനം ലഭ്യമാക്കണം. 'ചെയിന്‍ കോള്‍' എന്ന പേരില്‍ കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പരിപാടിക്ക് കുടുംബശ്രീ രൂപം നല്‍കിയിട്ടുണ്ട്. എല്ലാ അയല്‍ക്കൂട്ടങ്ങളിലെയും ഓരോ അംഗത്തെയും ഫോണ്‍ ചെയ്ത് കോവിഡ് കാലത്ത് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കും. സഹായങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുമായി സംയോജിച്ച് ലഭ്യമാക്കുകയും ചെയ്യും. നാല് ലക്ഷത്തോളം കുടുംബങ്ങളെ ഇതുവരെ നേരിട്ട് വിളിച്ച് ബോധവല്‍ക്കരണം നടത്തി.

ഗൃഹപരിചരണം എങ്ങനെ കാര്യക്ഷമമാക്കാം, ക്വാറന്റൈന്‍ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് തുടങ്ങി 15ലേറെ വിഷയങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന ക്ലാസ്സുകളും കുടുംബശ്രീ അംഗങ്ങള്‍ക്കായി നല്‍കിവരുന്നു. ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയോജനത്തോടെ നടത്തുന്ന ഈ ക്ലാസ്സുകള്‍ താഴേത്തട്ടിലുള്ള ബോധവത്ക്കരണത്തിന് ഏറെ സഹായകമാകും.

കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ശക്തി ഉപയോഗിച്ച് ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പൂള്‍ രൂപീകരിച്ച് ഒരു ബൃഹത് ക്യാമ്പെയ്ന്‍ കൂടി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യും. കേരളത്തിലെ 1063 ജനകീയ ഹോട്ടലുകളിലൂടെ ഓരോ ദിവസവും ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പൊതിച്ചോര്‍ നല്‍കുന്നുണ്ട്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി സഹായ കേന്ദ്രം ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ മൂവായിരത്തോളം എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികളും അവരുടെ അധ്യാപകരും സന്നദ്ധ സംഘടനകളും കുടുംബശ്രീയും നടത്തുന്ന സ്‌പെഷല്‍ സ്‌കൂളുകളും ഈ പദ്ധതി ഏകോപിപ്പിക്കും. ബ്ലോക്ക് തലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ബിആര്‍സികളും ജില്ലാതലത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ സാമൂഹ്യ നീതി വകുപ്പും പദ്ധതി നിര്‍വഹണം നടത്തും.

തദ്ദേശ സ്വയംഭരണ സംവിധാനങ്ങളിലെ വാര്‍റൂം കേന്ദ്രീകരിച്ച് തന്നെയാവും ഇതിന്റെയും എകോപനം. വിവിധ ഭിന്നശേഷി അവകാശ സംഘടനകളും സ്‌പെഷല്‍ എഡ്യുക്കേഷന്‍ സ്ഥാപനങ്ങളും ഇതുമായി സഹകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.