വിശപ്പുരഹിത കേരളം പദ്ധതിക്ക് തുടക്കം; കോട്ടയത്ത് ഇനി 20 രൂപയ്ക്ക് ഊണ്

post

കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് ഇനി വെറും 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വിശപ്പുരഹിത കേരളംസുഭിക്ഷാ പദ്ധതിയുടെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ആദ്യ കൗണ്ടര്‍ നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള നഗരസഭാ വനിതാ വിശ്രമ കേന്ദ്രത്തില്‍ തുറന്നു. വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

അശരണര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് 20 രൂപയ്ക്കുമാണ് വെജിറ്റേറിയന്‍ ഊണ് നല്‍കുന്നത്. കോട്ടയം നഗരത്തില്‍ ഉച്ചയ്ക്ക് വിശന്നിരിക്കുന്നവര്‍ ആരുമില്ലെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഭക്ഷണ വിതരണകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല.  ഒരു ഊണിന് അഞ്ച് രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. സൗജന്യ ഊണിന് 25 രൂപ വീതമാണ് സബ്‌സിഡി. 

ജനങ്ങളുടെ സഹകരണമുണ്ടായാല്‍ സുഭിക്ഷാ പദ്ധതി കൂടുതല്‍ വിപുലമാക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണ വിതരണ കൗണ്ടറിന് സ്ഥലസൗകര്യമൊരുക്കിയ നഗരസഭയെ മന്ത്രി അഭിനന്ദിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കുഞ്ഞുമോന്‍  ആദ്യ ഭക്ഷണ കൂപ്പണ്‍ വിതരണം ചെയ്തു.