ഫാത്തിമ മാതാ കോളേജില്‍ സി.എഫ്. എല്‍.ടി.സി തുടങ്ങും

post

കൊല്ലം: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം നഗരസഭയുടെ കീഴിലുള്ള ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ സെന്റ് തോമസ് ഹോസ്റ്റലില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. 138 കിടക്കകള്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രം മേയര്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. കൊല്ലം വെസ്റ്റ് റോട്ടറി ക്ലബ് വീല്‍ ചെയറും എന്‍.ജി.ഒ. യൂണിയന്‍ കൊല്ലം ജില്ലാ കമ്മിറ്റി വാഷിംഗ് മെഷീനും കൊല്ലം മാസ്സ് സംഘടന  ടെലിവിഷനും സി.എഫ്.എല്‍.ടി.സിയില്‍ സംഭാവന നല്‍കി. കോര്‍പ്പറേഷന്റെ പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ കൊല്ലം വൈ. എം. സി. എ.  മേയര്‍ക്ക് കൈമാറി.

ജില്ലയിലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓച്ചിറ ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്.

ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ പുതിയ ഡി.സി.സി ജില്ലാ പഞ്ചായത്ത് അംഗം സി. ബാള്‍ഡുവിന്‍  ഉദ്ഘാടനം ചെയ്തു. കിഴക്കേകല്ലട സി.വി.കെ.എം.എച്ച്.എസ് എസിലാണ് 100  കിടക്കകളുള്ള കേന്ദ്രം. രോഗികള്‍ക്ക് ആവശ്യമായ കരുതല്‍ സൗകര്യം കൂടാതെ ടെലിവിഷന്‍, പുസ്തകങ്ങള്‍,  പ്രസിദ്ധീകരണങ്ങള്‍, ക്യാരം ബോര്‍ഡ്, ചെസ്സ് ബോര്‍ഡ്, ടെലി മെഡിസിന്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഓക്സിജന്‍ സൗകര്യത്തോടെ ആംബുലന്‍സ് സേവനവും ലഭ്യമാണ്. 26 ലക്ഷം രൂപ കേന്ദ്രത്തിന്റെ  പ്രവര്‍ത്തനത്തിന് വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, വൈസ് പ്രസിഡന്റ് ബി.ദിനേശ്, ചെയര്‍പേഴ്സണ്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോസ്, പി.ആര്‍.ഒ ഗിരീഷ്, ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍  അനില്‍കുമാര്‍, ബി.ഡി.ഒ ബി. രാധാകൃഷ്ണപിള്ള, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൊട്ടാരക്കര നഗരസഭയില്‍ 20ന് മുകളില്‍ ആയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.7 ആയി കുറഞ്ഞു. കോവിഡ് രോഗികള്‍ കൂടുതലുള്ള അവണൂര്‍, മുസ്ലിം സ്ട്രീറ്റ് വാര്‍ഡുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ക്ലസ്റ്ററുകള്‍ രൂപീകരിച്ചു പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. തെരുവില്‍ കഴിഞ്ഞിരുന്ന ആറു പേരെ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി കൊട്ടാരക്കര ഇ.ടി.സി. മെന്‍സ് ഹോസ്റ്റലില്‍ പുനരധിവാസിപ്പിച്ചു. ഭക്ഷണം, കുടിവെള്ളം, കെയര്‍ ടേക്കറുടെ സേവനമടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയതായി ചെയര്‍മാന്‍ എ. ഷാജു പറഞ്ഞു.

പത്തനാപുരത്തെ വിളക്കുടി ഗ്രാമപഞ്ചായത്തില്‍  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഡ് തലത്തില്‍ ഒരാള്‍ എന്ന നിലയില്‍ ഇരുപത് അധ്യാപകരെ നിയമിച്ചു. വാര്‍ഡുതല പ്രവര്‍ത്തനങ്ങളുടെ ഏകോപന മേല്‍നോട്ടം, ക്വാറന്റൈന്‍ ലംഘനം കണ്ടെത്തുക എന്നിവയുടെ ചുമതല ഇവര്‍ക്കാണ്.

ഇത്തിക്കരയില്‍ ചാത്തന്നൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെപ്പ് ഡൗണ്‍ സി.എഫ്.എല്‍.ടി.സിയില്‍ പുതിയ രോഗികള്‍ ഇല്ല. 23 പേരെ പ്രവേശിപ്പിച്ചിരുന്നതില്‍ 13 പേര്‍ രോഗമുക്തി നേടിയതിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങിയതായി ബി. ഡി. ഒ. അറിയിച്ചു.