സി.ബി.എസ്.ഇ പരീക്ഷ: സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍

post

തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷയും, വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള  മത്സര പരീക്ഷകളും നടത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുന്ന മുറയ്ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍ സി.ബി.എസ്.ഇ പരീക്ഷ നടത്തുന്ന കാര്യത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉള്ളത്.  സംസ്ഥാനത്തെ പത്ത്/പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ ഏപ്രില്‍ മാസം പൂര്‍ത്തീകരിച്ച് മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ ആദ്യവാരം ആരംഭിച്ച് ജൂലൈ മാസത്തില്‍ ഫലപ്രഖ്യാപനം നടത്തുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി യോഗത്തെ അറിയിച്ചു.

ഉന്നതപഠനം സംബന്ധിച്ച് വിവിധ തലങ്ങളിലുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും ദേശീയ തലത്തില്‍ പൊതുപരീക്ഷകള്‍ നടത്താന്‍ തീരുമാനമെടുത്താല്‍ ഇതിലേക്കുള്ള സമയക്രമം മുന്‍കൂട്ടി പ്രഖ്യാപിച്ച് പൊതുമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും  കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടത്തണമെന്ന നിര്‍ദ്ദേശവും കേന്ദ്രത്തിന് മുമ്പാകെ അവതരിപ്പിച്ചു.

കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രി രമേഷ് പൊഖ്‌റിയാല്‍, സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും പരീക്ഷാ കമ്മീഷണറുമായ കെ.ജീവന്‍ബാബു, മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.