റേഷന്‍ കാര്‍ഡ് മുതല്‍ കിറ്റു വരെ; ഭക്ഷ്യമന്ത്രിയുമായി സംവദിച്ച് ജനങ്ങള്‍

post

*ഭക്ഷ്യമന്ത്രിയുടെ ഫോണ്‍ ഇന്‍ പ്രോഗ്രാം ഹിറ്റ്

തിരുവനന്തപുരം : റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതു മുതല്‍ സിവില്‍ സപ്ലൈസ് ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നുവരെയുള്ള ആവശ്യങ്ങള്‍. ഭക്ഷ്യമന്ത്രിയെ തേടിയെത്തിയത് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് സാധാരണക്കാരായ ജനങ്ങളുടെ നിരവധി കോളുകള്‍.

ഭക്ഷ്യപൊതുവിതരണ വകുപ്പിനെ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നിലവിലെ പരാതികളും അഭിപ്രായങ്ങളും ജനങ്ങളില്‍ നിന്ന് നേരിട്ടറിയാന്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ആരംഭിച്ച ഫോണ്‍ ഇന്‍ പരിപാടിയുടെ ആദ്യ ദിനത്തിലാണ് ജനങ്ങള്‍ സജീവമായി മന്ത്രിയുമായി സംവദിക്കാന്‍ തയ്യാറായത്. ഫോണ്‍ ഇന്‍ പരിപാടിയില്‍ രണ്ടാമതായി വിളിച്ച വയനാട് വൈത്തിരി സ്വദേശി സാജിദിന്റെ പരാതിയില്‍ പരിഹാരം കണ്ട് വിവരം മന്ത്രി തിരിച്ചുവിളിച്ചു പറയുകയും ചെയ്തു. സാജിദിന് അര്‍ഹമായ മണ്ണെണ്ണയും കിറ്റും ലഭ്യമാക്കാന്‍ ബന്ധപ്പെട്ട റേഷന്‍ കടക്കാരന് വകുപ്പില്‍ നിന്ന് നിര്‍ദ്ദേശം നല്‍കി. രണ്ട് കിലോ പച്ചരിയും പത്തു കിലോ സ്പെഷ്യല്‍ അരിയും മൂന്നു കിലോ ആട്ടയും സാജിദിന് നേരത്തെ നല്‍കിയിരുന്നു.

ഭിന്നശേഷിക്കാര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും റേഷന്‍ കടകളില്‍ ക്യൂ ഒഴിവാക്കണമെന്നതായിരുന്നു ഒരു ആവശ്യം. ഇവര്‍ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. പയ്യോളിയില്‍ മുന്‍ഗണനാ വിഭാഗത്തില്‍പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ കാര്‍ഡാണ് ലഭിച്ചതെന്നും ഇതിന് പരിഹാരം കാണണമെന്നുമായിരുന്നു മറ്റൊരു ആവശ്യം. ഇക്കാര്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലൈസന്‍സി റേഷന്‍ കട തുറക്കുന്നില്ലെന്നും പകരം പലവ്യഞ്ജനക്കട റേഷന്‍ കടയോടു ചേര്‍ന്ന് നടത്തുന്നതായും പരാതിയുണ്ടായി. ഇതും ഉടനടി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. സിവില്‍ സപ്ലൈസിന് കീഴിലുള്ള മെഡിക്കല്‍ സ്റ്റോറുകളിലെ നിയമനത്തിനുള്ള ഫാര്‍മസിസ്റ്റ് റാങ്ക്ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അര്‍ഹതയുള്ള പരമാവധി പേര്‍ക്ക് നിയമനം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഭക്ഷ്യധാന്യങ്ങളിലെ മായം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. പാംഓയിലിന്റെ വില ക്രമാതീതമായി വര്‍ധിച്ചുവെന്ന പരാതിയെക്കുറിച്ചും പരിശോധിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്നു മണി വരെയായിരുന്നു ഫോണ്‍ ഇന്‍ പരിപാടി. ബുധനാഴ്ചയും ഇതേ സമയത്ത് 8943873068 എന്ന നമ്പറില്‍ വിളിച്ച് മന്ത്രിയുമായി സംസാരിക്കാം. ഫോണില്‍ വിളിച്ചാല്‍ കിട്ടാത്തവര്‍ക്ക് ഈ നമ്പറില്‍ പരാതികളും അഭിപ്രായങ്ങളും വാട്സ് ആപ്പ് ചെയ്യാം. വാട്സ് ആപ്പ് സന്ദേശങ്ങളിലും നടപടി സ്വീകരിച്ച ശേഷം വിവരം അറിയിക്കും. വിളിക്കുന്നവര്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ കൈയില്‍ കരുതണം. വാട്സ് ആപ്പ് സന്ദേശങ്ങള്‍ക്കൊപ്പവും റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കണം. വിശദമായി കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടവര്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ സൂം പ്ളാറ്റ്ഫോം വഴി സംവദിക്കാം. ഇതിന്റെ ലിങ്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ്, പി.ആര്‍.ഡി വെബ്സൈറ്റുകളില്‍ ലഭ്യമാക്കും.