മണ്‍സൂണ്‍: വകുപ്പുതലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും

post

തിരുവനന്തപുരം: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയില്‍ പൊതുജനങ്ങള്‍ക്കായി വകുപ്പുതലത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. വെള്ളക്കെട്ട് നിവാരണം, ദുരിതാശ്വാസം തുടങ്ങിയവയ്ക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളുമായി ജനങ്ങള്‍ക്കു നേരിട്ടു ബന്ധപ്പെടാം. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.

മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങി കാലവര്‍ഷക്കെടുതി നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളാണ് പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക ഉദ്യോഗസ്ഥരേയും നിയോഗിക്കും. ജില്ലയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനു ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. ഒടിഞ്ഞുവീണ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് എപ്പോഴും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ സേവനം തേടുന്നതിനു പകരം കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തു ഇതിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കണം. വീട് നഷ്ടപ്പെട്ടും കൃഷിനാശമുണ്ടായും ദുരിതത്തിലായവര്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള ധനസഹായവും നഷ്ടപരിഹാരവും വേഗത്തില്‍ ലഭ്യമാക്കാന്‍ പ്രത്യേക സംവിധാനമൊരും.

കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ടു പതിവായുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും അതതു സ്ഥലങ്ങളില്‍ നേരിട്ടു പരിശോധന നടത്തണമെന്നും മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, സബ് കളക്ടര്‍മാരായ എം.എസ്. മാധവിക്കുട്ടി, ചേതന്‍കുമാര്‍ മീണ, എ.ഡി.എം. ടി.ജി. ഗോപകുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.