കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്റെ പ്രവര്‍ത്തനം നവംബറില്‍ ആരംഭിക്കും

post

പത്തനംതിട്ട: സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് കോന്നിയില്‍ ആരംഭിക്കുന്ന ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാക്കണമെന്ന് തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയില്‍ ആരംഭിക്കുന്നത്. തിരുവനന്തപുരം, ഏറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. കോന്നി നിയോജക മണ്ഡലത്തില്‍ അരുവാപ്പുലം പഞ്ചായത്തില്‍ നെടുംപാറയില്‍ ഗവ.മെഡിക്കല്‍ കോളജിനു സമീപമുള്ള ഒരേക്കര്‍ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിര്‍മിച്ചിരിക്കുന്നത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ജോലികള്‍ പുരോഗമിക്കുകയാണ്. തുടര്‍ന്ന് ലാബ് സെറ്റിംഗും നടത്തേണ്ടതുണ്ട്.

ചീഫ് ഗവ. അനലിസ്റ്റായിരിക്കും ലാബിന്റെ മേലധികാരി. 3.8 കോടി രൂപ മുടക്കി മൂന്നു നിലയിലായി നിര്‍മിക്കുന്ന 16000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണം 2019 നവംബര്‍ മാസത്തിലാണ് ആരംഭിച്ചത്. 60000 ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും നിര്‍മാണം പൂര്‍ത്തിയായി. താഴെ നിലയില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം, ലൈബ്രറി, സ്റ്റോര്‍, ഡൈനിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും, ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് നിര്‍മിക്കുന്നത്.

മെഡിക്കല്‍ ഉപകരണങ്ങളുടെ ക്വാളിറ്റി പരിശോധിക്കുന്ന കേരളത്തിലെ ആദ്യത്തെ നോട്ടിഫൈഡ് ലാബായാണ് കോന്നി മാറാന്‍ പോകുന്നത്. ഇന്‍സ്ട്രമെന്റേഷന്‍, കെമിക്കല്‍ വിഭാഗങ്ങളിലായി നാല് ലാബുകളാണ് പ്രവര്‍ത്തനം ആരംഭിക്കുക. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വിവിധ സ്ഥലങ്ങളില്‍ നിന്നു ശേഖരിക്കുന്ന അലോപ്പതി, ആയുര്‍വേദ മരുന്നുകളും കോസ്‌മെറ്റിക്‌സ് ഉത്പന്നങ്ങളും ഈ ലാബിലാണ് പരിശോധിക്കപ്പെടുക.

ലാബ് ആരംഭിക്കുന്നതോടെ നൂറിലധികം ജീവനക്കാര്‍ ഇവിടെ ജോലിക്കായി എത്തും. ലബോറട്ടറികള്‍ക്ക് അക്രഡിറ്റേഷന്‍ നല്കുന്ന നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡില്‍ നിന്നും കോന്നി ലാബിന് നിര്‍മാണ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ പ്രവര്‍ത്തനം ഡ്രഗ് കണ്‍ട്രോളര്‍ ഓഫീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ തസ്തിക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.  അധിക ഫണ്ടിനുള്ള പ്രൊപ്പോസല്‍ നല്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറെ യോഗം ചുമതലപ്പെടുത്തി.

കേരളത്തിനു തന്നെ അഭിമാനമാകാന്‍ പോകുന്ന ഒരു ഡ്രഗ് ടെസ്റ്റിംഗ് ലാബ് സമുച്ചയമാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്ന് എംഎല്‍എ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ കൃത്യ സമയത്ത് പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ കൂട്ടായ പ്രവര്‍ത്തനമാണ് നടത്തിയത്. അതിനാലാണ് ഇത്രയും വേഗം കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.