കോവിഡ് പ്രതിരോധത്തിന് അയല്‍ക്കൂട്ടങ്ങള്‍

post

കുടുംബശ്രീയുടെ 'മിഷന്‍ കോവിഡ് 2021' ക്യാമ്പയിന് തുടക്കമായി

കാസര്‍കോട്: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗികള്‍ക്കും ക്വാറന്റീനിലുളളവര്‍ക്കും ആശ്വാസം പകരാന്‍ കുടുംബശ്രീ മിഷന്‍ അയല്‍ക്കൂട്ടങ്ങള്‍. പ്രതിരോധിക്കാം സുരക്ഷിതരാകാം എന്ന സന്ദേശവുമായി 'മിഷന്‍ കോവിഡ് 2021' എന്ന പേരിലാണ് കുടുംബശ്രീയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ മുഖേനയുമാണ് കാമ്പയിന്‍ നടത്തുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗങ്ങളെ ഫോണില്‍ വിളിച്ച് കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍, കോവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവത്കരണം നല്‍കുക, ആവശ്യക്കാര്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായം ലഭ്യമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

ചൊവ്വാഴ്ച തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത കാമ്പയിന്‍ ജില്ലയിലെ എല്ലാ അയല്‍ക്കൂട്ടങ്ങളിലേക്കും വ്യാപിപ്പിച്ചു. പദ്ധതിക്കായി ജില്ലാതല റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. കാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ നിര്‍വഹിച്ചു.

ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും റെസ്‌പോണ്‍സ് ടീമിനേയും റിസോഴ്‌സ് പേഴ്‌സന്‍മാരെയും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കോവിഡ് പ്രതിരോധം കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും രോഗികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാനുമായി മിഷന്‍ കോവിഡ് 2021ലൂടെ എല്ലാ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

കുടുംബശ്രീ ജില്ലാ മിഷന്‍ ആരംഭിച്ച പ്രതിദിന വാര്‍ത്താ പ്രക്ഷേപണ പരിപാടിയായ കെ-ശ്രീ റേഡിയോയിലൂടെ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ദിവസേന നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും അതിജീവന മാതൃകകളും ജനങ്ങളിലെത്തിക്കുന്നു.