സുസ്ഥിര വികസനത്തെ ആസ്പദമാക്കിയുള്ള പരിസ്ഥിതി നയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്: മുഖ്യമന്ത്രി

post

തിരുവനന്തപുരം: മനുഷ്യനും പ്രകൃതിയും പരസ്പര പൂരിതം ആണെന്നും സുസ്ഥിരമായ ഒരു വികസന മാര്‍ഗ്ഗത്തിലൂടെ മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതി വകുപ്പും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഇ. എന്‍. വി. ഐ. എസ് ഹബും ചേര്‍ന്ന് സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനമെന്നാല്‍ കേവലം വ്യവസായവല്‍ക്കരണം മാത്രമല്ല, നാടിന് ആവശ്യമുള്ള കൃഷി, മാലിന്യ സംസ്‌കരണം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് സമയബന്ധിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രതിരോധശേഷിയുള്ള പാര്‍പ്പിട രീതി നടപ്പിലാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.  പൊതുഗതാഗതരംഗം പ്രകൃതി സൗഹൃദം ആക്കുന്നതിനായി ഹരിത ഇന്ധനത്തിലേക്ക് മാറേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യം ഒരു വലിയ പരിസ്ഥിതി പ്രശ്നമാണ്. അത് പരിഹരിക്കുന്നതിനായി ശാസ്ത്രീയ പരിപാലന പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോക്ടര്‍ വി. വേണു അധ്യക്ഷനായിരുന്നു. മുന്‍ പിസിസി എഫ് സി വി കെ ഉണ്ണിയാല്‍ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്  പ്രൊഫസര്‍ കെ പി സുധീര്‍ , ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ജയരാമന്‍,  സംസ്ഥാന മലിനീകരണ ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ് കുമാര്‍, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ എസ് ചന്ദ്രശേഖര്‍, ജെ. എന്‍. ടി. ബി. ജി. ആര്‍. ഐ  ഡയറക്ടര്‍ ഡോ. ആര്‍ പ്രകാശ് കുമാര്‍,  കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥ്, സി ഡബ്ല്യു ആര്‍ ഡി എം ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സീനിയര്‍ സൈന്റ്റിസ്റ്റ് ഡോ. പ്രദീപ് കുമാര്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ സൈന്റ്റിസ്റ്റ് ഡോ.  പി ഹരിനാരായണന്‍ എന്നിവര്‍ സംസാരിച്ചു.