കിഫ്ബിയിലൂടെ കേരളമാകെ വികസനം സാധ്യമാക്കി: മുഖ്യമന്ത്രി പിണറായി വിജയന്‍

post

കാസര്‍കോട് : അടിസ്ഥാന സൗകര്യവികസനം ഏതെങ്കിലുമൊരു മേഖലയില്‍ മാത്രം കേന്ദ്രീകരിക്കാതെ കിഫ്ബിയിലൂടെ എല്ലാ പ്രദേശങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി സംസ്ഥാനമൊട്ടാകെ വികസന മുന്നേറ്റം നടത്താന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസനത്തിന്റെ ഫലങ്ങള്‍ എത്തുന്നില്ലെന്ന് മുന്‍കാലങ്ങളില്‍ പരാതിയുയര്‍ന്നിരുന്ന മലബാര്‍ മേഖലയില്‍ വിശിഷ്യാ ഉത്തരമലബാറില്‍ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും കിഫ്ബിയുടെ രൂപീകരണം ഇതിന് ഊര്‍ജം പകര്‍ന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ കേരള നിര്‍മിതിയെന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ ബോധവല്‍ക്കരണ പരിപാടി കാസര്‍കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളിത് വരെ കണ്ടിട്ടില്ലാത്ത വികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തി സമഗ്ര സാമൂഹിക വികസനത്തിനാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. പത്ത് പതിനഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവേണ്ടിയിരുന്ന വികസന പദ്ധതികളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ സാധ്യമാവുന്നത്. വികസനമെന്നാല്‍ വമ്പന്‍ പദ്ധതികള്‍ മാത്രമല്ല. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തെ ഗുണപരമായി മാറ്റുന്ന ഘടകങ്ങളെല്ലാം സര്‍ക്കാര്‍ സംരംഭങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ട്രാന്‍സ് ഗ്രിഡ്, സെമി ഹൈ സ്പീഡ് റെയില്‍പാത, തലശേരി മാഹി വഴി ബേക്കലിലേക്കുള്ള ഉള്‍നാടന്‍ ജലപാത, മലയോര, തീരദേശ പാത, കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ തുടങ്ങിയ വന്‍പദ്ധതികളോടൊപ്പം ഹൈടെക് സ്‌കൂളുകള്‍, ആശുപത്രികള്‍, ഡയാലിസിസ് സെന്ററുകള്‍ തുടങ്ങിയ സാമൂഹിക വികസനത്തിനുതകുന്ന പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. ഇവയെല്ലാം കാസര്‍കോട് ജില്ലയെ വികസനപരമായി മുന്നോട്ട് കൊണ്ടു പോകുന്ന പദ്ധതികളാണ്. 

മലയോര ഹൈവേ ഈ വര്‍ഷം പൂര്‍ത്തിയാകും

 ജില്ലയില്‍ 115 കിലോമീറ്റര്‍ നീളത്തില്‍ കടന്നു പോകുന്ന മലയോര ഹൈവേ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കുഞ്ചത്തൂരില്‍ ആരംഭിച്ച് ജില്ലയില്‍ 83 കിലോമീറ്ററില്‍ കടന്നു പോവുന്ന തീരദേശ ഹൈവേ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയെന്നും  ഈ വര്‍ഷം തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് വളരെയേറെ പ്രാധാന്യമാണ് നല്‍കുന്നത്. ജില്ലയില്‍ 246 സ്‌കൂളുകള്‍ ഹൈടെക്ക് ആയി ഉയര്‍ത്തുകയും 478 ഹൈടെക് ലാബുകള്‍ സജ്ജീകരിച്ചതായും അദ്ദേഹം പറഞ്ഞു. കിഫ്ബിയിലൂടെ സമയബന്ധിതമായ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണനിലവാരത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല. ഇതിനുള്ള ഗുണനിലവാര പരിശോധന നടത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും സമഗ്രവികസനത്തിന് ഒന്നിച്ച് കൈകോര്‍ത്ത് മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു.