കരുതലിന്റെ വേറിട്ട മുഖമായി കാറഡുക്ക കോവിഡ് ബാറ്റില്‍ ടീം

post

കാസര്‍ഗോഡ് : കൈയ്യില്‍ ഫോണുണ്ട്. ആരെയും വിളിക്കാന്‍ അറിയില്ല. കോളുകള്‍ എടുക്കാനറിയാം. പ്രായമായ രണ്ട് പേര്‍ മാത്രമുള്ള അഡൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലെത്തിയ കാറഡുക്ക കോവിഡ് ബാറ്റില്‍ ടീമിലെ ഡോക്ടറെയും നഴ്‌സുമാരെയും കണ്ടപ്പോള്‍ അവര്‍ കണ്ണീരണിഞ്ഞു. ഏകാന്തത മടുത്ത് ഫോണിലൂടെ പോലും ആരോടും സംസാരിക്കാന്‍ കഴിയാത്ത അവര്‍ക്ക് കോവിഡ് ബാറ്റില്‍ ടീം ആശ്വാസമായി. കോവിഡ് മഹാമാരിക്കിടയിലും കരുതലിന്റെ വേറിട്ട മാതൃകയാകുകയാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ കോവിഡ് ബാറ്റില്‍ ടീം. വനത്തിലൂടെ ആറ് കിലോമീറ്റര്‍ ജീപ്പിലും പിന്നീട് 12 കിലോമീറ്ററോളം കാല്‍നടയായും ഓരോ വീടുകളിലുമെത്തിയാണ് ഡോ. മുഹമ്മദ് ഷിറാസ്, സ്റ്റാഫ് നഴ്‌സുമാരായ സീമ മോഹനന്‍, അശ്വതി, സുനിത എന്നിവര്‍ അടങ്ങുന്ന കോവിഡ് ബാറ്റില്‍ മെഡിക്കല്‍ ടീം രോഗികളെ പരിചരിക്കുന്നത്. ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ കഴിയുന്ന രോഗികളെ പരിശോധിച്ച് ആശ്വാസം പകരാന്‍ മെയ് 17 ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച പദ്ധതിയാണ് കോവിഡ് ബാറ്റില്‍ ടീം.  

മുളിയാര്‍ സി.എച്ച്.സിയിലെ ഒരു ഡോക്ടര്‍, മൂന്ന് നേഴ്‌സുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒന്നിടവെട്ട ദിവസങ്ങളിലാണ് ടീം ഡി.സി.സികള്‍ സന്ദര്‍ശിക്കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലായി 52 പേരാണ് ഡി.സി.സി സെന്ററുകളിലുള്ളത്. ഡി.സി.സികളിലെ പല രോഗികളിലും വിഷാദ രോഗത്തിത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. തീവ്ര രോഗബാധയില്ലാത്ത കോവിഡ് രോഗികളെ പാര്‍പ്പിക്കുന്ന ഡി.സി.സികളില്‍ കോവിഡ് ബാറ്റില്‍ ടീം എത്തുമ്പോള്‍ അത് രോഗികള്‍ക്കും വലിയ ആശ്വാസമാണെന്ന് മുളിയാര്‍ സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ ഹരിദാസ് പറയുന്നു.

സജീവമായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും

കോവിഡ് ബാറ്റീല്‍ ടീമിനൊപ്പം മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും  കാറഡുക്ക ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ  വിവിധ വാര്‍ഡുകളിലായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് കോവിഡ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു വരികയാണ്.  

ഓരോ പ്രദേശത്തിന്റെ സവിശേഷമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് തദ്ദേശ്വസ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവഴി തെരഞ്ഞെടുത്തതെന്നും അവ ജനങ്ങള്‍ക്ക് വലിയ ആശ്വസകരമാണെന്നും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പറഞ്ഞു