ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി

post

തിരുവനന്തപുരം: ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ 16 വരെ തുടരുമെന്നും അതിനു ശേഷം ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച്  വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി  തരം തിരിച്ചു പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും.

കോവിഡ് പരിശോധന വര്‍ധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ടും നിരീക്ഷണത്തില്‍ കഴിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചും കാമ്പയിന്‍ ആലോചനയിലുണ്ട്. വീടുകളില്‍ നിന്ന് കൂടുതലായി രോഗം വ്യാപിക്കുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കും. മരണസംഖ്യ കൂടി വന്നത് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനക്കനുപാതമായാണ്. ഗുരുതരമായ അനുബന്ധരോഗങ്ങള്‍ ഉള്ളവരാണ് മരണമടഞ്ഞവരില്‍ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ പ്രമേഹം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍ രോഗം നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതെ നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിവ്യാപന ശേഷിയുള്ള വൈറസിനെ ചെറുത്ത് മൂന്നാം തരംഗത്തെ തടയാന്‍ വലിയ ബഹുജന കൂട്ടായ്മ ഉണ്ടാകേണ്ടതുണ്ട്. ലോക്ക്ഡൗണ്‍  കൊണ്ട് മാത്രം ഇതിന് കഴിയില്ല. കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരുന്നു. പൊതുജനം പൂര്‍ണ്ണമനസോടെ ലോക്ക്ഡൗണുമായി സഹകരിക്കുന്നുണ്ട്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സ്വന്തം അസൗകര്യങ്ങള്‍ പരിഗണിക്കാതെ ലോക്ക്ഡൗണില്‍ സഹകരിച്ച എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഡെല്‍റ്റാ വൈറസിന്റെ സാന്നിദ്ധ്യം കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കാമെന്നതു കൊണ്ട് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും കോവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാട്ടണം.

കോവിഡ് വാക്സിന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന മുറക്ക് വാക്സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. എന്നാല്‍ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാന്‍ മാസങ്ങളും വര്‍ഷങ്ങളും എടുത്തേക്കാമെന്നാണ്  ഇതുമായി ബന്ധപ്പെട്ട  വിദഗ്ധര്‍ പറയുന്നത്. മറ്റൊരു ലോക്ഡൗണിലേക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തെ പറ്റി അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകളോര്‍ത്ത് ഭയക്കേണ്ടതില്ല. മൂന്നാം തരംഗമുണ്ടായാല്‍ അതിനെ നേരിടാന്‍ സര്‍ക്കാര്‍ ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.