ഉത്പാദനരംഗത്ത് ഏറെ മാറ്റമുണ്ടാക്കാന്‍ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്ക് കഴിയും: മന്ത്രി ഇ.പി. ജയരാജന്‍

post

തിരുവനന്തപുര:  ഉത്പാദനരംഗത്ത് ഏറെ മാറ്റങ്ങളുണ്ടാക്കാന്‍ സൃഷ്ടിക്കാന്‍ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ മുഖേന സാധിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച 'സമൃദ്ധി' അഗ്രിബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ  ഉടമസ്ഥതയില്‍ ഒരു അഗ്രോ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതാമിഷന്‍ വികസന വിദ്യാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്ന കാര്‍ഷികവിളകള്‍ ഉപയോഗിച്ച് ചിപ്‌സ്, ഉരുക്ക് വെളിച്ചെണ്ണ, സ്‌ക്വാഷ്, ജാം, സിറപ്പ് എന്നിവ ഇന്‍ക്യുബേഷന്‍ സെന്ററില്‍ ഉത്പാദിപ്പിക്കും. ഇതിനായി 100 പേര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി ഉത്പന്ന നിര്‍മാണ പരിശീലനം നല്‍കിയിട്ടുണ്ട്. 'സമൃദ്ധി' എന്ന പേരിലാകും ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുക. കെ.എസ് ശബരിനാഥന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു.