പെരുമ്പട്ട പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

post

കോല്‍പ്പാലവും കടത്തു തോണിയും ഇനി ഓര്‍മ്മ

കാസര്‍ഗോഡ് : കോല്‍പ്പാലത്തിലൂടെയുള്ള യാത്രയും കടത്തു തോണിയുമെല്ലാം ഇനി പെരുമ്പട്ട ഗ്രാമത്തില്‍ ഓര്‍മ്മകള്‍ മാത്രം. വെസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തേജസ്വിനി പുഴയ്ക്ക് കുറുകെ പെരുമ്പട്ടയില്‍ നിര്‍മ്മിച്ച പാലം ബുധനാഴ്ച(ജൂണ്‍ 23) വൈകീട്ട് മൂന്നിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പെരുമ്പട്ടപാലം തുറക്കുന്നതോടെ മലയോരതീരദേശ വാസികളുടെ യാത്രാ ക്ലേശത്തിനാണ് പരിഹാരമാകുന്നത്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 9.90 കോടി ചെലവിലാണ് പാലം നിര്‍മ്മിച്ചത്. 25.32 മീറ്റര്‍ നീളത്തിലും  11.05 മീറ്റര്‍  വീതിയിലുമായി നാല് സ്പാനോടുകൂടിയാണ് പാലം നിര്‍മ്മിച്ചത്. പാലത്തിനോടൊപ്പം സംരക്ഷണ ഭിത്തികളും പാലത്തിന്റെ ഇരുവശങ്ങളിലുമായി നടപ്പാതയും അനുബന്ധ റോഡുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

1958 ലെ ചന്ദ്രഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടാണ് തേജസ്വിനിപ്പുഴക്ക് കുറുകെ പെരുമ്പട്ടയില്‍ പാലം വേണമെന്ന് ആദ്യം ശുപാര്‍ശ ചെയ്തത്. നാലാം പഞ്ചവത്സര പദ്ധതിയിലും പാലത്തിനായി ശുപാര്‍ശയുണ്ടായിരുന്നു. മലയോരത്തെ വെസ്റ്റ് എളേരി പഞ്ചായത്തിനെയും കയ്യൂര്‍ ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതായിരുന്നു ആശയമെങ്കിലും വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പാലം യാഥാര്‍ഥ്യമായത്. എം.രാജഗോപാലന്‍ എം.എല്‍.എയുടെയും, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെയും ശക്തമായ ഇടപെടലുകളോടെയാണ് സ്ഥലമേറ്റെടുക്കുന്നതുള്‍പ്പെടെയുള്ള തടസങ്ങള്‍ നീക്കിക്കൊണ്ട് 2018 ഡിസംബറിലാണ് നിര്‍മ്മാണ പ്രവൃത്തി തുടങ്ങിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളും പാലമെന്ന ആവശ്യത്തിനൊപ്പം ചേര്‍ന്നു. പാലത്തിന് സമീപത്തു താമസിക്കുന്നവരെ നേരിട്ടു ചെന്ന് കണ്ടാണ് സ്ഥലം ലഭിക്കേണ്ടതിന്റെയും പാലം വന്നാലുള്ള ഗുണത്തെക്കുറിച്ചും ബോധ്യപ്പെടുത്തിയത്. സ്ഥലം ഏറ്റെടുക്കാന്‍ സാധിച്ചതോടെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മാണം വേഗത്തിലാക്കിയത്.

പെരുമ്പട്ട പാലം യാഥാര്‍ത്ഥ്യമായതോടെ പെരുമ്പട്ട കുണ്ട്യ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും,  പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ദേശീയ പാത, മലയോര ഹൈവേ എന്നീ റോഡുകളിലേക്കും വളരെ വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കും.  കൂടാതെ ചീമേനി എന്‍ജിനീയറിങ് കോളേജ്, പള്ളിപ്പാറ അപ്ലൈഡ് സയന്‍സ് കോളേജ്, കയ്യൂര്‍ ഗവ.ഐ ടി ഐ , ചീമേനി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചീമേനി തുറന്ന ജയില്‍, എളേരിത്തട്ട് ഗവ.കോളേജ്, ഭീമനടി വനിത ഐ ടി ഐ, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലേക്കെല്ലാമുള്ള യാത്രക്കാര്‍ക്കും ഏറെ സഹായകരമാകും.

ഉദ്ഘാടന ചടങ്ങില്‍ എം.രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും.  പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി.കെ.മിനി പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും. നീലേശ്വരം ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ്  മാധവന്‍ മണിയറ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി,  വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍, കയ്യൂര്‍ ചീമേനി ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ്  കെ.പി.വത്സലന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു സ്വാഗതവും കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍ നന്ദിയും പറയും.