ഹോര്‍ട്ടികോര്‍പ്പിന്റെ 'വാട്ടുകപ്പ' യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി നിര്‍വഹിച്ചു

post

തിരുവനന്തപുരം : കൃഷിവകുപ്പിന്റെയും ഹോര്‍ട്ടികോര്‍പ്പിന്റെയും വിപണി ഇടപെടലുകളുടെ ഭാഗമായുള്ള നൂതന സംരംഭമായ 'വാട്ടുകപ്പ'യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിര്‍വഹിച്ചു. കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എയും സന്നിഹിതനായിരുന്നു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനിലങ്ങളിലെല്ലാം കൃഷി വ്യാപകമാക്കിയപ്പോള്‍ ഏറ്റവുമധികം ഉത്പാദനം ഉണ്ടായ ഒരു വിളയാണ് മരച്ചീനി. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ കൂടിയായപ്പോള്‍ വിളവെടുത്ത കപ്പയ്ക്ക് വിപണി ലഭിക്കാതെയായി. ഈ അവസരത്തിലാണ് കൃഷിവകുപ്പിന്റെ വിപണി ഇടപെടല്‍ കര്‍ഷകര്‍ക്ക് ഗുണപ്രദമായത്. കൃഷിവകുപ്പ്‌ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ കപ്പ സംഭരണം കഴിഞ്ഞ മാസം തന്നെ ആരംഭിക്കുകയായിരുന്നു. സംഭരിച്ച കപ്പ പ്രത്യേക സാങ്കേതിക വിദ്യയാല്‍ പ്രാഥമിക സംസ്‌കരണം നടത്തി വാട്ടുകപ്പയാക്കി ഹോര്‍ട്ടികോര്‍പ്പ് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് സുഭിക്ഷ കേരളം പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ ഫലമായി  കേരളത്തില്‍ ലഭ്യമായ തരിശുഭൂമി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് വാഴ, പച്ചക്കറി, നെല്ല്, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ കൃഷി ചെയ്ത് ഭക്ഷ്യ ഉത്പാദനത്തില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്. ഇതില്‍ മരച്ചീനി കൃഷി താരതമ്യേന ചെലവ് കുറവാണ്. കൂടാതെ കാര്‍ഷിക പ്രവൃത്തികള്‍ ലളിതവുമായതിനാല്‍ വിസ്തൃതിയിലും ഉത്പാദനത്തിലും വന്‍ മുന്നേറ്റം സാധ്യമായി. സംസ്ഥാനത്ത് 13,000 ടണ്‍ മരച്ചീനിയാണ് അധികമായി ഉത്പാദിപ്പിക്കപ്പെട്ടത്. അധിക ഉത്പാദനം വിപണനത്തിന് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ്, സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച അടിസ്ഥാന വിലയായ 12 രൂപയ്ക്ക് മരച്ചീനി സംഭരിക്കാന്‍ ഹോര്‍ട്ടികോര്‍പ് തീരുമാനിച്ചത്. സംഭരിച്ച  മരച്ചീനി സഹകരണസംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, വ്യക്തിഗത സംരംഭകര്‍ എന്നിവരുടെ കൈവശമുള്ള ഉണക്ക് യന്ത്രമുപയോഗിച്ച് വാട്ടുകപ്പ ആക്കി മാറ്റുകയായിരുന്നു.

ഒരു ടണ്‍ പച്ചക്കപ്പ സംസ്‌കരിക്കുമ്പോള്‍ ഏകദേശം പതിനഞ്ച് തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ കേരളത്തിലെ അധിക ഉല്‍പാദനത്തിലൂടെ ലഭ്യമായ മുഴുവന്‍ മരച്ചീനിയും സംസ്‌കരിക്കുകയാണെങ്കില്‍ ഈ കോവിഡ് കാലത്ത് ലക്ഷക്കണക്കിന് തൊഴില്‍ദിനങ്ങള്‍  സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്.

കേന്ദ്ര കിഴങ്ങു വിള ഗവേഷണ നിലയത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മരച്ചീനി പ്രാഥമിക സംസ്‌കരണം നടത്തി വാട്ടുകപ്പയാക്കുന്നത്. 100 ഗ്രാം വാട്ട് കപ്പയില്‍ 87.5 ഗ്രാം അന്നജവും 2.5 ഗ്രാം മത്സ്യവും 0.75 ഗ്രാം കൊഴുപ്പും 4 ഗ്രാം ദഹന നാരും ഉണ്ടെന്നാണ് കണക്ക്. വാട്ടുകപ്പ ഏകദേശം ആറു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും.

ചടങ്ങില്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ ഇഷിതാ റോയി, കൃഷി വകുപ്പ് സെക്രട്ടറി ഡോ: രത്തന്‍ കേല്‍ക്കര്‍, ഹോര്‍ട്ടികോര്‍പ്പ് എം.ഡി. ജെ.സജീവ്, ജില്ലാ മാനേജര്‍ പ്രദീപ് എന്നിവരും പങ്കെടുത്തു.