ആലപ്പുഴ കടല്‍പ്പാലം ഓര്‍മ്മകള്‍ നശിക്കാത്തവിധം നിലനിര്‍ത്തും; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

post

ആലപ്പുഴ: ആലപ്പുഴയുടെ പൈതൃകത്തിന്റെ സ്മരണയായ പഴയ കടല്‍പ്പാലം ഓര്‍മ്മകള്‍ നശിക്കാത്ത രീതിയില്‍ നിലനിര്‍ത്തുന്നത് പരിശോധിക്കുമെന്ന് തുറമുഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആലപ്പുഴയിലെ പൈതൃക പദ്ധതിയും പോര്‍ട്ട് മ്യൂസിയവും കടല്‍ പാലവും ബുധനാഴ്ച സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കടല്‍പ്പാലം നിര്‍മ്മിക്കുന്നതിനായി സാങ്കേതിക അനുമതിയുള്‍പ്പെടയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മ്യൂസിയവുമായി ബന്ധപ്പെട്ടൊരുങ്ങുന്ന കപ്പല്‍ അടക്കമുള്ള സംവിധാനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ മന്ത്രിയോട്  വിശദീകരിച്ചു.

 എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. തുറമുഖ വകുപ്പ് മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായാണ് ജില്ല തല സന്ദര്‍ശനമെന്നും മന്ത്രി പറഞ്ഞു. പുരാവസ്തുക്കള്‍ ഏതെല്ലാം സംരക്ഷിക്കപ്പെടണമെന്ന കാര്യം പരിശോധിച്ചുവരികയാണ്. തുറമുഖങ്ങളുടെ വികസന സാധ്യതകളും വിലയിരുത്തും.  ആലപ്പുഴയിലെ ബിനാലെ നടന്ന പോര്‍ട്ട് മ്യൂസിയം, മാരിടൈം പരിശീലന കേന്ദ്രം , ആലപ്പുഴ കടല്‍പ്പാലം, ബിനാലെ വേദി  എന്നിവിടങ്ങളെല്ലാം  മന്ത്രി സന്ദര്‍ശിച്ചു. മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി.എം.നൗഷാദ്, മാരി ടൈം ബോര്‍ഡ് സി.ഇ.ഓ ടി.പി.സലിംകൂമാര്‍, മാരിടൈം ബോര്‍ഡ് മെമ്പര്‍ അഡ്വ.എം.കെ.ഉത്തമന്‍,  പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് കെ.എന്നിവര്‍ മന്ത്രിയൊടൊപ്പമുണ്ടായി.