ബാലനീതി നിയമം; കര്‍ത്തവ്യവാഹകര്‍ക്ക് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

post

മലപ്പുറം : ബാലനീതി സംവിധാനത്തിന്റെ പ്രവര്‍ത്തനം സംയോജിതമായി ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ബാലനീതി നിയമവുമായി ബന്ധപ്പെട്ട ജില്ലയിലെ കര്‍ത്തവ്യവാഹകര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാല ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബാലനീതി നിയമങ്ങളെ കുറിച്ചുള്ള അറിവ് അനിവാര്യമാണന്ന് അദ്ദേഹം പറഞ്ഞു.
ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന വഖഫ് ബോര്‍ഡ് പൂര്‍ണമായും സഹകരിക്കുമെന്ന് മുഖ്യ അതിഥിയായി പങ്കെടുത്ത ചെയര്‍മാന്‍ ടി.കെ. ഹംസ പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ആര്‍. മിനി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് അധ്യക്ഷനായി. കമ്മീഷന്‍ അംഗങ്ങളായ കെ. നസീര്‍ ചാലിയം, സിസ്റ്റര്‍ ബിജി ജോസ്, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സംയോജിത ശാക്തീകരണ പ്രവര്‍ത്തന രീതി ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ആല്‍ഫ്രഡ്. ജെ. ജോര്‍ജ്ജ് അവതരിപ്പിച്ചു. തുടര്‍ന്ന് കര്‍ത്തവ്യവാഹകര്‍ നല്‍കിയ ആശയങ്ങളില്‍ ചര്‍ച്ചയും ക്രോഡീകരണവും നടന്നു. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി.ജെ. ആന്റണി മോഡറേറ്ററായി.