ജനകീയ വിദ്യാഭ്യാസത്തിന് കേരളം മാതൃക : മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

post

മലപ്പുറം : ആധുനിക വിദ്യാഭ്യാസം എങ്ങനെ ആയിരിക്കണമെന്നതിനുള്ള ഉത്തമ മാതൃകയാണ് കേരളത്തില്‍ പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിലൂടെ നടപ്പാക്കിയ ജനകീയ വിദ്യാഭ്യാസമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുതുപ്പറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച ലാബ്, അടുക്കള, ഭക്ഷണശാല എന്നിവ ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏറ്റവും മികച്ച അധ്യാപകരുള്ളത് പൊതുവിദ്യാഭ്യാസ മേഖലയിലാണ്. കുട്ടികളില്‍ ബുദ്ധിവികാസത്തിനും വിവരങ്ങളെ അറിവാക്കി മാറ്റാനുള്ള കഴിവുകളെ വളര്‍ത്താനും അവര്‍ക്കാകുമെന്നും മന്ത്രി പറഞ്ഞു. നാല് ചുമരുകള്‍ക്കപ്പറുത്തേക്ക് വിദ്യാഭ്യാസത്തെ മാറ്റിയെടുക്കാന്‍ സ്‌കൂളുകള്‍ ഹൈടെക് ആക്കിയതിലൂടെ സാധ്യമായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മൂന്ന് കോടിയും ജില്ലാ പഞ്ചായത്തിന്റെ 42 ലക്ഷവും ഉള്‍പ്പടെ 3.42 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. പി.കെ.അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷനായിരുന്നു. സ്‌കൂളിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി തുക അനുവദിക്കുമെന്ന് എം.എല്‍.എ ചടങ്ങില്‍ പറഞ്ഞു. സ്‌കൂള്‍ ലൈബ്രറിക്കായി 56 ലക്ഷം അനുവദിച്ചതായി മുഖ്യാതിഥിയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി.സുധാകരന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.ജമീല അബൂബക്കര്‍, ഹനീഫ പുതുപ്പറമ്പ്, ടി.കെ റഷീദലി, എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി സുബൈര്‍ തങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റംല പൂക്കയില്‍, പ്രിന്‍സിപ്പാള്‍ പി.കെ മുരളീധരന്‍, പി.ടി.എ പ്രസിഡന്റ് പി.ഐ കുഞ്ഞിമുഹമ്മദ് തുടങ്ങി വിവിധ സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, വാര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.