കേരളത്തിലെ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു : മന്ത്രി സജി ചെറിയാന്‍

post

ആലപ്പുഴ : കേരളത്തിലെ മോഡല്‍ സ്‌കൂളുകളില്‍ ഒന്നായി കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിനെ ഉയര്‍ത്തുക എന്നത് മുന്‍മന്ത്രിയായ ഡോ. റ്റി. എം. തോമസ് ഐസക്കിന്റെ സ്വപ്ന പദ്ധതിയായിരുന്നുവെന്നും സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഫിഷറീസ് -സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം 10 ലക്ഷം രൂപ ചെലവില്‍ കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അനര്‍ട്ട് നിര്‍മ്മിച്ച സോളാര്‍ പാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. സ്‌കൂളുകള്‍ നിന്നുപോകും എന്ന അവസ്ഥയില്‍ നിന്ന് പൊതു വിദ്യാഭ്യാസ സംവിധാനത്തെ പിണറായി സര്‍ക്കാര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഈ യുഗത്തില്‍ എല്ലാ ക്ലാസ്സുകളും സ്മാര്‍ട്ട് ക്ലാസുകള്‍ ആക്കുകയാണ്. മനുഷ്യനെ സമൂലമായി പരിവര്‍ത്തനം ചെയ്യാന്‍ പ്രാപ്തിയുള്ള ഒരു വിദ്യാഭ്യാസ സംവിധാനം നടപ്പിലാക്കുന്നതിനായി പ്രയോഗികമായ , ശാസ്ത്രീയ അടിത്തറയുള്ള ഒന്നായി വിദ്യാഭ്യാസ രംഗത്തെ ഉടച്ചു വാര്‍ക്കുന്നതിനായുള്ള സമീപനമാണ് ഈ ഗവണ്മെന്റ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി ഉപയോഗം കൂടി വരുന്ന അവസരത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള സോളാര്‍ പാനലുകള്‍ വീടുകള്‍,സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ ഇടങ്ങളിലും സ്ഥാപിപ്പിക്കുവാനുള്ള ഇടപെടല്‍ ശക്തമാക്കണമെന്ന് മധുമൊഴി എന്ന ഡിജിറ്റല്‍ സ്വരലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് എ.എം.ആരിഫ് എം.പി പറഞ്ഞു.

ജില്ലയിലെ മികച്ച പി. റ്റി. എ അവാര്‍ഡ് നേടിയ കലവൂര്‍ സ്‌കൂളിനെ പി. ചിത്തരഞ്ജന്‍ എം എല്‍ എ ആദരിച്ചു. എണ്‍പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാര്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രിയ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആര്‍. റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവന്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. എസ്. സന്തോഷ്, എസ്. എം. സി. ചെയര്‍മാന്‍ വി. വി. മോഹന്‍ദാസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എച്ച്. ആര്‍. റീന, സ്‌കൂള്‍ എച്ച്. എം ഇന്‍ ചാര്‍ജ് പി. സി. ആശാകുമാരി എന്നിവര്‍ സന്നിഹിതരായിരുന്നു.