കൊറോണ വൈറസ്‌: തൃശൂരിലെ വിദ്യാര്‍ഥിനിയുടെ നില തൃപ്തികരം

post

തൃശൂരില്‍ നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച അര്‍ധരാത്രിയില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇതുവരെ 1053 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 1038 പേര്‍ വീടുകളിലും 15 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ കോഴിക്കോട് ജില്ലയിലാണ്. 166 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. തൃശൂര്‍ ജില്ലയില്‍ 76 പേരും മലപ്പുറത്ത് 154 പേരും എറണാകുളത്ത് 153 പേരും നിരീക്ഷണത്തിലാണ്. കൊല്ലം -100, തിരുവനന്തപുരം - 83, പാലക്കാട് - 64, പത്തനംതിട്ട - 32, ഇടുക്കി - 14, കോട്ടയം -  32, ആലപ്പുഴ -  54, വയനാട് - 16, കണ്ണൂര്‍ - 61,  കാസര്‍കോട് - 48 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ള ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് മന്ത്രി പറഞ്ഞു.

ചൈനയില്‍നിന്നെത്തിയവര്‍ സ്വമേധയാ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണം

നോവല്‍ കൊറോണ വൈറസ് ഇന്ത്യയിലാദ്യമായി തൃശൂരില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ നിന്നെത്തിയവര്‍ സ്വമേധയാ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച അര്‍ധരാത്രിയില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ചൈനയില്‍നിന്ന് വന്നവര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ 28 ദിവസം കര്‍ശനമായ ഹോം ക്വാറന്റൈന്‍ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. 14 ദിവസമാണ് കൊറോണ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവ്. ഹോം ക്വാറന്റൈന്‍ ലളിതമാവരുത്. ഈ കാലയളവില്‍ പൊതു ഇടങ്ങളില്‍ സമ്പര്‍ക്കം നടത്തരുത്. ശരീരസ്രവം മറ്റുള്ളവരുടെ മേല്‍ പതിയാതിരിക്കണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും താലൂക്ക് ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ ഐ.സി.യു സൗകര്യത്തോടെ 20 മുറികള്‍ കൊറോണ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. കൊറോണ കേസുകള്‍ കൈകാര്യം ചെയ്യാനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.

കൊറോണ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആശുപത്രികളില്‍ വന്നാല്‍ എങ്ങിനെ ശുശ്രൂഷിക്കണം, സുരക്ഷാ ഉപകരണങ്ങള്‍ എങ്ങിനെ ധരിക്കണം എന്നിവ സംബന്ധിച്ച് മിക്ക ആശുപത്രികളിലും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ശേഷിച്ചവര്‍ക്ക് വെള്ളിയാഴ്ച പരിശീലനം നല്‍കും. ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ശേഖരിച്ചുവെക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ സഹായം കൂടി തേടുന്നതിനായി ഇന്ന്‌ രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിപുലമായ യോഗം ചേരും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗവും ഇന്ന്‌ ചേരും.

കൊറോണ ബാധ സംബന്ധിച്ച് എല്ലാ ദിവസവും വൈകീട്ട് ഏഴിന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.