സര്‍ക്കാര്‍ ഡയറി: വിവരങ്ങള്‍ ഓണ്‍ലൈനായി ഉള്‍പ്പെടുത്തണം

post

തിരുവനന്തപുരം : 2022 ലെ സര്‍ക്കാര്‍ ഡയറിയിലേക്കുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളും ഓഫീസുകളും സ്ഥാപനങ്ങളും ഓണ്‍ലൈനായി ഉള്‍പ്പെടുത്തണം. അവരവര്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in എന്ന ലിങ്കിലൂടെ നേരിട്ടോ www.gad.kerala.gov.in വെബ്‌സൈറ്റിലൂടെയോ വിവരങ്ങള്‍ ചേര്‍ക്കാം.

2021 ലെ ഡയറിയില്‍ ഉള്‍പ്പെട്ട പദവികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മാത്രമേ 2022 ലെ ഡയറിക്കായി ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാവൂ.

രാജ്ഭവന്‍, മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടെയും ഓഫീസുകള്‍, സ്പീക്കറുടെ ഓഫീസ്, പ്രതിപക്ഷനേതാവിന്റെ ഓഫീസ്, ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് എന്നിവയുടെ വിശദാംശങ്ങള്‍ അതത് ഓഫീസുകളില്‍നിന്ന് നേരിട്ട് ഓണ്‍ലൈനായി നല്‍കണം.

സെക്രട്ടേറിയറ്റിലെ അതത് വകുപ്പുകളിലെ ജോയിന്റ് സെക്രട്ടറി മുതല്‍ സെക്രട്ടറിതലം വരെയുള്ള ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍ അതത് വകുപ്പിലെ കണ്‍സോളിഡേഷന്‍ സെക്ഷന്‍ ഓണ്‍ലൈനായി നല്‍കണം.

എം.പിമാരുടെ വിശദാംശങ്ങളും ന്യൂഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ ഓഫീസുകളുടെ വിശദാംശങ്ങളും റസിഡന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് ഓണ്‍ലൈനായി നല്‍കണം. ജില്ലാ ഓഫീസുകളുടെ വിശദാംശങ്ങള്‍ അതത് ജില്ലാ കളക്ടര്‍മാരുടെ ഓഫീസില്‍നിന്ന് ഓണ്‍ലൈനായി ലഭ്യമാക്കണം.

വിശദാംശങ്ങളില്‍ മാറ്റങ്ങളില്ലാത്ത വകുപ്പുകളും ഓഫീസുകളും സ്ഥാപനങ്ങളും ലോഗിന്‍ചെയ്ത് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കി അപ്‌ഡേറ്റ് ചെയ്യണം.

തിരുത്തലുകള്‍/കൂട്ടിച്ചേര്‍ക്കലുകള്‍ ചെയ്ത് എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കി അപ്‌ഡേറ്റ് ചെയ്തശേഷമേ ഡാറ്റാ ഫ്രീസ് ചെയ്യണമോ എന്ന ഫീല്‍ഡില്‍ 'യെസ്' ബട്ടണ്‍ ക്ലിക്ക് ചെയ്യാവൂ.

ഡയറിയില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താറുള്ള കീഴ്ഓഫീസുകളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് എല്ലാ വകുപ്പ് മേധാവികളും ഓഫീസ് മേധാവികളും ഉറപ്പാക്കണം.

ഓണ്‍ലൈനില്‍ വിവരങ്ങള്‍ നല്‍കുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടായാല്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പരായ 04712518120 ലൂടെയോ keralagovernmentdiary@gmail.com എന്ന മെയില്‍വഴിയോ പരിഹാരം തേടാം. 2021 ലെ സര്‍ക്കാര്‍ ഡയറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും യൂസര്‍നെയിമും പാസ്വേഡും ലഭ്യമായിട്ടില്ലാത്തതുമായ സ്ഥാപനങ്ങളും ഓഫീസുകളും പൊതുഭരണ (ഏകോപനം) വകുപ്പുമായി ബന്ധപ്പെടണം.