സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: കോഴിക്കോട് ഓവറോള്‍ ചാമ്പ്യന്മാര്‍

post

തൃശ്ശൂര്‍: കുന്നംകുളത്ത് നടന്ന 53-ാമത് സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോഴിക്കോട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 1374 പോയിന്റുകള്‍ നേടി 20 ഒന്നാം റാങ്കുകളും കരസ്ഥമാക്കിയാണ് കോഴിക്കോട് ജില്ല, നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് ജില്ലയെ മറികടന്നത്. 1374 പോയിന്റുകള്‍ പാലക്കാട് ജില്ലയ്ക്കും ലഭിച്ചുവെങ്കിലും 19 ഒന്നാം റാങ്കാണ് പാലക്കാടിന് ലഭിച്ചത്. ഇതോടെ കോഴിക്കോട് കിരീടം നേടി. 1366 പോയിന്റു നേടിയ കണ്ണൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 16 ഒന്നാം റാങ്ക് കണ്ണൂരിന് ലഭിച്ചു.

സംസ്ഥാന തലത്തില്‍ മികച്ച സ്‌കൂളിനുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് 141 പോയിന്റു നേടിയ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച് എസ് എസിനാണ്. രണ്ടാമത്തെ മികച്ച സ്‌കൂളായി വയനാട് ദ്വാരക എസ് എച്ച് എച്ച് എസ് എസ് സ്‌കൂളും (132 പോയന്റ്) മൂന്നാമത്തെ മികച്ച സ്‌കൂളായി കോഴിക്കോട് മേമുണ്ട സ്‌കൂളും (118 പോയന്റ്) തെരഞ്ഞെടുക്കപ്പെട്ടു.

ശാസ്ത്രമേള വിഭാഗത്തില്‍ മികച്ച ജില്ലയായി 128 പോയന്റോടെ കണ്ണൂരും രണ്ടാം സ്ഥാനം 121 പോയന്റോടെ കോഴിക്കോടും മൂന്നാം സ്ഥാനം 114 പോയന്റോടെ കൊല്ലവും തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തില്‍ മികച്ച സ്‌കൂള്‍ 28 പോയന്റ് നേടിയ ബി.വി.എച്ച്.എസ്.എസ് താമരക്കുളമാണ്. 24 പോയിന്റോടെ കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്്.എസ് രണ്ടാം സ്ഥാനവും 23 പോയിന്റോടെ വയനാട് ദ്വാരക എസ്.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.

ഗണിതമേളയില്‍ മികച്ച ജില്ലയായി 261 പോയിന്റ് നേിടയ കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം മലപ്പുറവും (258) മൂന്നാം സ്ഥാനം കണ്ണൂരും (252) കരസ്ഥമാക്കി. ഈ വിഭാഗത്തില്‍ മികച്ച സ്‌കൂള്‍ ടി ആര്‍ കെ എച്ച് എസ് എസ് വാണിയംകുളം (59 പോയന്റ്) ആണ്. രണ്ടാം സ്ഥാനം പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്.എസ്.എസ്, കോഴിക്കോട് (59 പോയിന്റ്), മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ് കോന്നി, പത്തനംതിട്ട (54 പോയിന്റ് വീതം).

സാമൂഹ്യ ശാസ്ത്ര മേളയില്‍ മികച്ച ജില്ലകള്‍ കണ്ണൂര്‍ (135പോയിന്റ്), രണ്ടാം സ്ഥാനം പാലക്കാട് (130), മൂന്നാം സ്ഥാനം മലപ്പുറം (129) എന്നിങ്ങനെയാണ്. മികച്ച സ്‌കൂള്‍ ജി എച്ച് എസ് എസ് വെട്ടത്തൂര്‍ (22 പോയിന്റ്). രണ്ടാം സ്ഥാനം എറണാകുളം മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്റ് ഗേള്‍സ് എച്ച്.എസ്.എസ് (21 പോയിന്റ്), മൂന്നാം സ്ഥാനം തിരുവനന്തപുരം ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്, സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് കോഴിക്കോട് (20 പോയിന്റ് വീതം).

പ്രവൃത്തി പരിചയമേള 762 പോയിന്റോടെ കോഴിക്കോട് ജില്ല ഒന്നാമതെത്തി. രണ്ടാം സ്ഥാനം പാലക്കാടും (759) മൂന്നാം സ്ഥാനം കണ്ണൂരും (746) ആണ്. മികച്ച സ്‌കൂള്‍ 116 പോയന്റ് നേടിയ ബി എസ് എസ് ഗുരുകുലം എച്ച് എസ് എസ് ആലത്തൂരാണ്. 69 പോയന്റും രണ്ട് ഒന്നാം റാങ്കും നേടിയ തൃശൂര്‍ പനങ്ങാട് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 69 പോയന്റും ഒരു ഒന്നാം റാങ്കും നേടിയ വയനാട് ദ്വാരക എസ്.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.

ഐടി മേളയില്‍ എറണാകുളം ജില്ല 126 പോയിന്റോടെ ഒന്നാം സ്ഥാനവും പാലക്കാട് ജില്ല 126 പോയിന്റോടെ രണ്ടാം സ്ഥാനവും നേടി. നാല് ഒന്നാം റാങ്ക് എറണാകുളത്തിനു ലഭിച്ചതാണ് ഒന്നാംസ്ഥാനത്തിന് അര്‍ഹമാക്കിയത്. മൂന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലയ്ക്ക് 118 പോയിന്റ് ലഭിച്ചു. മികച്ച സ്‌കൂള്‍ സെന്റ് തോമസ് എച്ച് എസ് നടവയല്‍ (26 പോയിന്റ്) ആണ്. രണ്ടാം സ്ഥാനം പി.കെ.എം.എം.എച്ച്.എസ്.എസ്, എടരിക്കോട്, മലപ്പുറം (25 പോയിന്റ്), മൂന്നാം സ്ഥാനം എം.ഡി.എസ്.എച്ച്.എസ്.എസ് കോട്ടയം (22 പോയിന്റ് വീതം).

സ്‌പെഷല്‍ സ്‌കൂള്‍ വിഭാഗത്തില്‍ കേള്‍വി വൈകല്യമുള്ളരുടെ വിഭാഗത്തില്‍ 16104 പോയിന്റോടെ എറണാകുളം ജില്ലയിലെ സെന്റ് ക്ലയര്‍ ഓറല്‍ ഡെഫ് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. 15902 പോയിന്റ് നേടിയ കോഴിക്കോട് ജില്ലയിലെ എരഞ്ഞിപ്പാലം കെ എസ് എച്ച് എസ് രണ്ടാം സ്ഥാനവും 11984 പോയിന്റോടെ തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ ആശാഭവന്‍ ഡെഫ് എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി.

കാഴ്ച വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ കോട്ടയം കാഞ്ഞിരപ്പിള്ളി അസീസി ബ്ലൈന്‍ഡ് സ്‌കൂള്‍ (3261 പോയിന്റ്) ഒന്നാം സ്ഥാനം നേടി. ആലുവ ബ്ലൈന്‍ഡ് സ്‌കൂള്‍ (3130), പാലക്കാട് കോട്ടപ്പുറം എച്ച് കെ സി എം എം ബ്ലൈന്‍ഡ് സ്‌കൂള്‍ (3052) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

സമാപന സമ്മേളനം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ സതീശന്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണന്‍ നിര്‍വഹിച്ചു. എഡിപിഐ സി എ സന്തോഷ് ശാസ്‌ത്രോത്സവ രേഖ പ്രകാശനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിഷ സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്‍ ഗീത, എറണാകുളം ജില്ല ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ശകുന്തള, തൃശൂര്‍ വി എച്ച് എസ് ഇ അസി.ഡയറക്ടര്‍ ലീന രവിദാസ്, സി സി ഷെറി, വി എം കരീം എന്നിവര്‍ പങ്കെടുത്തു.