ശബരിമല കര്‍ക്കിടക മാസപൂജ: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കും; ക്രമീകരണങ്ങള്‍ പൂര്‍ണം: ജില്ലാ കളക്ടര്‍

post

 പത്തനംതിട്ട : ശബരിമല  കര്‍ക്കിടക മാസപൂജ തീര്‍ഥാടനത്തിന്  കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ജില്ലാ കളക്ടര്‍  ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കര്‍ക്കിടക മാസപൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും വിവിധ പ്രതിനിധികളുടെയും യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. 

വെര്‍ച്വല്‍ ക്യു സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. നിര്‍ദേശങ്ങള്‍ പാലിച്ച് പ്രതിരോധ പ്രവര്‍ത്തികള്‍ സ്വീകരിച്ചും ആരോഗ്യ പൂര്‍ണമായ തീര്‍ഥാടനം ഉറപ്പു വരുത്താന്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.  

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദിവസവും 5,000 പേര്‍ക്കാണ് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.  

ശബരിമല  കര്‍ക്കിടക മാസപൂജയുമായി ബന്ധപ്പെട്ട്  ആരോഗ്യവകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ പറഞ്ഞു. ശനിയാഴ്ച (ജൂലൈ 17)  മുതലാണ് തീര്‍ഥാടകര്‍ക്ക് ദര്‍ശന സൗകര്യം ലഭിക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 5000 പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനത്തിന് അനുവാദം. തീര്‍ഥാടകര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായ സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുളളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റോ കരുതണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ഥാടനം ഒഴിവാക്കേണ്ടതാണ്.

തീര്‍ഥാടന സമയത്ത് മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുകയും, സുരക്ഷിതമായ ശാരീരിക അകലം പാലിക്കുകയും വേണം. ഹോട്ടലുകളിലും, കടകളിലും കൗണ്ടറുകളിലും തിരക്ക് കൂട്ടാതിരിക്കാന്‍  പ്രത്യേകം ശ്രദ്ധിക്കണം.  ഇടയ്ക്കിടെ സാനിറ്റൈസറോ, സോപ്പോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം.

എന്തെങ്കിലും രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെത്തി ചികിത്സ തേടുക. സ്രവ പരിശോധനയില്‍ കോവിഡ് രോഗബാധിതരാണെന്നു വ്യക്തമായാല്‍ പെരുനാട് സിഎഫ്എല്‍ടിസിയിലോ  രോഗതീവ്രതനുസരിച്ച് ആരോഗവകുപ്പ് നിര്‍ദേശിക്കുന്ന മറ്റ് സ്ഥാപനങ്ങളിലേക്കോ മാറ്റും. നിലയ്ക്കല്‍, പമ്പ, സന്നിധാനം ആശുപത്രികളില്‍ രണ്ടുവീതം ഡോക്ടര്‍മാര്‍, നഴ്‌സ്, അറ്റന്‍ഡര്‍മാര്‍, ഓരോ ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ പമ്പയില്‍ വെന്റിലേറ്റര്‍ സംവിധാനവും പമ്പയിലും സന്നിധാനത്തും ഓക്‌സിജന്‍ ലഭ്യതയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പമ്പയില്‍ രണ്ട് ആംബുലന്‍സുകളും സജ്ജീകരിച്ചിട്ടുണ്ട്.

സിക്ക വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍  ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫോഗിംഗ് ഉള്‍പ്പെടെയുള്ള കൊതുക് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കോവിഡ് രോഗ വ്യാപന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തീര്‍ഥാടകര്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തീര്‍ഥാടനമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. പമ്പയില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് കുടിവെള്ളം കുപ്പിയില്‍ നല്‍കും. രണ്ട് സ്ഥലങ്ങളില്‍ വെള്ളം നിറയ്ക്കുന്നതിന് സൗകര്യം ഒരുക്കും. 40 സ്ഥലങ്ങളില്‍ കൈകള്‍ ശുചിയാക്കുന്നതിന് സാനിറ്റൈസര്‍ സൗകര്യം ലഭ്യമാക്കും. വലിയ നടപ്പന്തലിലും പതിനെട്ടാം പടിയിലും കാലുകള്‍ ശുചീകരിക്കുന്നതിന് സൗകര്യം ലഭ്യമാക്കും. 340 ശുചിമുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരുമുറ്റവും നടപ്പന്തലും കൃത്യസമയത്ത് ശുചീകരിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ ശുചീകരണ തൊഴിലാളികളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയോഗിക്കും.

ഡ്യൂട്ടിക്കായി എത്തുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആവശ്യമായ താമസ സൗകര്യവും, ഭക്ഷണവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ക്രമീകരിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ മാസ്‌ക്ക് നിക്ഷേപിക്കുന്നതിനായി  ദേവസ്വം ബോര്‍ഡ് ബിന്നുകള്‍ സ്ഥാപിക്കും.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, എന്നിവിടങ്ങളില്‍ അഗ്‌നിശമനസേന തീയണക്കാനും രക്ഷാപ്രവര്‍ത്തനത്തിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസിയുടെ സര്‍വീസ് വ്യാഴാഴ്ച തുടങ്ങി. നിലയ്ക്കലില്‍ നിന്നു പമ്പയിലേക്ക് ചെയിന്‍ സര്‍വീസ് നടത്തുന്നതിന് 15 ബസുകള്‍ കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. അയ്യപ്പസേവാ സംഘം സ്‌ട്രെച്ചര്‍ സര്‍വീസ്, ഓക്‌സിജന്‍ പാര്‍ലര്‍, ശുചീകരണം എന്നിവയ്ക്കായി 35 വോളന്റിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്. അയ്യപ്പസേവാ സംഘം അന്നദാനം നടത്തും. ഒരു ആംബുലന്‍സും അയ്യപ്പസേവാ സംഘം സജ്ജമാക്കിയിട്ടുണ്ട്. വനം വകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കും. പമ്പയില്‍നിന്നും സന്നിധാനത്തേക്കും തിരിച്ചും തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കുന്നതിനുള്ള സുരക്ഷ വനം വകുപ്പ് ഉറപ്പാക്കും.

  യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, തിരുവല്ല ആര്‍ഡിഒ ബി.രാധാകൃഷ്ണന്‍, അടൂര്‍ ആര്‍ഡിഒ തുളസീധരന്‍ പിള്ള, ശബരിമല എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അജിത്ത് കുമാര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ വാര്യര്‍, അയ്യപ്പസേവാ സംഘം ജനറല്‍ സെക്രട്ടറി എന്‍. വേലായുധന്‍ നായര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് പമ്പാ റേഞ്ച് ഓഫീസര്‍ അജയഘോഷ്, മറ്റ് വകുപ്പുകളുടെ പ്രതിനിധികളും  യോഗത്തില്‍ പങ്കെടുത്തു.