താനൂര്‍ മണ്ഡലത്തില്‍ കോവിഡ് പരിശോധന ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം

post

മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി

മലപ്പുറം : കോവിഡ് പരിശോധന നിരക്ക് പരമാവധി വര്‍ധിപ്പിക്കാനും അതുവഴി സമൂഹത്തിലെ മുഴുവന്‍ രോഗികളേയും കണ്ടെത്തി സമൂഹ വ്യാപനം ഒഴിവാക്കാനും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരാനും അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍

മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ താനൂര്‍ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ തീരുമാനം.

താനൂര്‍ നഗരസഭ, ഒഴൂര്‍, നിറമരുതൂര്‍ ചെറിയമുണ്ടം പൊന്മുണ്ടം താനാളൂര്‍ പഞ്ചായത്തുകളിലാണ് പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നത്.

തദ്ദേശസ്ഥാപന പ്രസിഡന്റുമാരുടെ അധ്യക്ഷതയിലായിരുന്നു യോഗം. അതത് സ്ഥലങ്ങളില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

മൊബൈല്‍ പരിശോധന യൂണിറ്റുകള്‍ വഴി വീടുകളിലേക്കെത്തി പരിശോധന നടത്തുക എന്നത് പ്രാവര്‍ത്തികമാക്കും. ഇതോടൊപ്പം വാക്‌സിനേഷന്‍ വര്‍ധിപ്പിക്കും.

കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ ഉറപ്പ് നല്‍കി.താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം മല്ലിക,കെ.യൂസഫ്, കെ. ഹാജറ, ഷംസിയ, നിറമരുതൂര്‍ വൈസ് പ്രസിഡന്റ് കെ.സജിമോള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുത്തു.യോഗങ്ങളുടെ തുടര്‍ച്ചയായി 'ഐ ആം ടെസ്റ്റഡ്, ഐ ആം സേഫ് ' എന്ന ടാഗ് ലൈനില്‍ കോവിഡ് പരിശോധന ക്യാമ്പയിനും തുടക്കമായി.