ഐരവണ്‍ പാലത്തിന്റെ നിര്‍മ്മാണം രണ്ട് മാസത്തിനകം ടെന്‍ഡര്‍ ചെയ്യും

post

ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേയും മണ്ണിന്റെ ഘടനാ പരിശോധനയും ആരംഭിച്ചു

പത്തനംതിട്ട : അരുവാപ്പുലം ഐരവണ്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐരവണ്‍ പാലത്തിന്റെ നിര്‍മ്മാണം രണ്ട് മാസത്തിനകം ടെന്‍ഡര്‍ ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ഇതിനായുള്ള നടപടികളുടെ ഭാഗമായി പാലം നിര്‍മ്മിക്കുന്ന പ്രദേശത്തിന്റെ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേയും മണ്ണിന്റെ ഘടനാ പരിശോധനയും ആരംഭിച്ചു.

       സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ.എ ആന്റ് എസ് കണ്‍സ്ട്രക്ഷന്‍സാണ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

      റീബിള്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 12.25 കോടി രൂപ ചെലവഴിച്ചാണ് ഐരവണ്‍പാലം നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. പാലത്തിന്റെ അലൈന്‍മെന്റ് ഫിക്‌സ് ചെയ്യുകയും മണ്ണിന്റെ ഘടന പരിശോധിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കാനാണ് പരിശ്രമിക്കുന്നത്. മഴ മൂലം ജലനിരപ്പ് താഴാത്തതിനാല്‍ ആറിന്റെ നടുവിലെ മണ്ണിന്റെ ഘടനാ പരിശോധന നടത്താന്‍ പ്രയാസം നേരിടുന്നുണ്ട്.

      അരുവാപ്പുലം പഞ്ചായത്തിലെ നാലു വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്ന ഐരവണ്‍ പ്രദേശത്തെ ആളുകള്‍ക്ക് പഞ്ചായത്ത് ഓഫീസിലോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ആയുര്‍വേദ  ഹോമിയോ ആശുപത്രികളിലോ പോകണമെങ്കില്‍ കോന്നി പഞ്ചായത്ത് ചുറ്റി കിലോമീറ്ററുകള്‍ താണ്ടേണ്ട സ്ഥിതിയിലാണ് നിലവിലുള്ളത്. എന്നാല്‍ പാലം വരുന്നതോടെ ഈ ദുരവസ്ഥ മാറും. അരുവാപ്പുലം പഞ്ചായത്തിനെ അച്ചന്‍കോവിലാര്‍ രണ്ട് കരകളായി വേര്‍തിരിക്കുകയാണ്. ഇരുകരകളിലുമുള്ളവര്‍ പരസ്പരം കാണണമെങ്കില്‍ കോന്നി പഞ്ചായത്ത് ചുറ്റി എത്തിച്ചേരേണ്ട സ്ഥിതിയാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ട എംഎല്‍എ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പാലത്തിന് അനുമതി ലഭിച്ചത്. പാലം വരുന്നതോടെ കോന്നി അച്ചന്‍കോവില്‍ റോഡില്‍ നിന്ന് വേഗം മെഡിക്കല്‍ കോളേജിലും എത്തിച്ചേരാന്‍ കഴിയും.

  എംഎല്‍എയ്ക്ക് ഒപ്പം ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്‌സി. എന്‍ജിനിയര്‍ സി.ബി സുഭാഷ് കുമാര്‍, അസി. എന്‍ജിനിയര്‍ ജോയ് രാജ്,  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.ശ്രീകുമാര്‍, ഷീബാ രാജന്‍, ബിന്ദു ബാബു, ജോജു വര്‍ഗീസ്, ടി.ഡി.സന്തോഷ്, അമ്പിളി സുരേഷ് സി.പി.ഐ (എം) നേതാക്കളായ രഘുനാഥ് ഇടത്തിട്ട, സന്തോഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.