കോന്നി ഡിപ്പോയ്ക്കായി ഏറ്റെടുത്ത ഭൂമി കെഎസ്ആര്‍ടിസി ഉടമസ്ഥതയിലേക്കു മാറ്റും

post

പത്തനംതിട്ട : കോന്നി ഡിപ്പോയ്ക്കായി ഏറ്റെടുത്ത ഭൂമി  കെഎസ്ആര്‍ടിസി ഉടമസ്ഥതയിലേക്ക് ഓഗസ്റ്റ് അഞ്ചിന് അകം മാറ്റുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസിയുടെ ലാന്റ് സ്‌പെഷ്യല്‍ ഓഫീസര്‍മാരും, റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു.

       2013 മുതല്‍ തടസപ്പെട്ട് കിടക്കുന്ന കെഎസ്ആര്‍ടിസി സ്ഥലമേറ്റെടുക്കലാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മന്ത്രിയെയും, കെഎസ്ആര്‍ടിസി എംഡിയെയും പങ്കെടുപ്പിച്ച് എംഎല്‍എ തിരുവനന്തപുരത്ത്  നടത്തിയ യോഗത്തിലാണ് കോന്നി കെഎസ്ആര്‍ടിസി യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ തീരുമാനമുണ്ടായത്.

      യോഗത്തെ തുടര്‍ന്ന് കണ്ടെത്തിയിട്ടുള്ള 2.41 ഏക്കര്‍ സ്ഥലം കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. സ്ഥലം ഉടമസ്ഥതയിലാക്കുന്നതിനൊപ്പം യാഡ് നിര്‍മാണത്തിനുള്ള പണം അനുവദിക്കുന്നതിനും തീരുമാനിച്ചിരുന്നു. മേയ് മാസം ആറാം തീയതി കെഎസ്ആര്‍ടിസി എംഡിയുടെ നടപടി ഉത്തരവിലൂടെ 1.45 കോടി രൂപ തനതു ഫണ്ടില്‍ നിന്നും യാഡ് നിര്‍മാണത്തിനായി അനുവദിച്ചിരുന്നു. പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായ എച്ച്എല്‍എല്‍നാണ് നിര്‍മാണ ചുമതല നല്കിയിട്ടുള്ളത്.

      വസ്തു കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലേക്ക് മാറ്റുന്ന നടപടിക്രമങ്ങളുടെ ഭാഗമായി എംഎല്‍എയ്ക്ക് ഒപ്പമെത്തിയ റവന്യൂ, കെഎസ്ആര്‍ടിസി സംഘം ഭൂമി അതിര്‍ത്തി തിരിച്ച് അളന്ന് തിട്ടപ്പെടുത്തി. തുടര്‍ നടപടികള്‍ സ്വീകരിച്ച് ഓഗസ്റ്റ് അഞ്ചിന് അകം ഭൂമി കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലാക്കി റവന്യൂ വകുപ്പ് നടപടി പൂര്‍ത്തിയാക്കും. ഭൂമി കൈമാറി കിട്ടിയാല്‍ ഉടന്‍ തന്നെ യാഡ് നിര്‍മാണം ആരംഭിക്കും. എത്രയും വേഗം യാഡ് നിര്‍മാണം പൂര്‍ത്തിയാക്കി ഡിപ്പോ പ്രവര്‍ത്തനം ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം.

       ഭൂമി കെഎസ്ആര്‍ടിസി ഉടമസ്ഥതയിലേക്ക് മാറിയാല്‍ ഉടന്‍ തന്നെ കോന്നി ഡിപ്പോയില്‍ വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കുമെന്ന് എംഎല്‍എ പറഞ്ഞു. തുടര്‍ന്ന് ഓഫീസും പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ദീര്‍ഘകാലമായി ആഗ്രഹിച്ച കോന്നി കെഎസ്ആര്‍ടിസി ഡിപ്പോ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും എംഎല്‍എ പറഞ്ഞു.

     ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, ഗ്രാമ പഞ്ചായത്തംഗം കെ.ജി. ഉദയകുമാര്‍, കെഎസ്ആര്‍ടിസി ലാന്‍ഡ് സ്‌പെഷ്യല്‍ ഓഫീസര്‍മാരായ എം.പി. വിനോദ്, എസ്. വിനീഷ്, ഡപ്യൂട്ടി തഹസീല്‍ദാര്‍ സജീവ് കുമാര്‍, സര്‍വെയര്‍മാരായ അനില്‍ ജോയ്, കെ.സി.അനില്‍, കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ സി.എ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.