ഖാദിക്കായി കണ്ണൂരിന്റെ കൈത്താങ്ങ് ക്യാമ്പയിന് ഉജ്ജ്വല തുടക്കം

post

അഞ്ചു ലക്ഷത്തിന്റെ ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ വാങ്ങും

കണ്ണൂര്‍: കൊവിഡ് കാരണം പ്രതിസന്ധിയിലായ ഖാദി മേഖലയെ സഹായിക്കുന്നതിന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്' ക്യാമ്പയിന് ഗംഭീര തുടക്കം. ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള 500 രൂപയുടെ 1000 കൂപ്പണുകള്‍ കുടുംബശ്രീ ഏറ്റെടുത്തു. ഇതിലൂടെ അഞ്ച് ലക്ഷം രൂപയുടെ ഖാദി ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ സംവിധാനം വഴി വിതരണം ചെയ്യും. ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ 500 രൂപ വിലയുള്ള 500 കൂപ്പണുകള്‍ വാങ്ങി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാമ്പയിന്‍ അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത്.

ഇതേ മാതൃകയില്‍ ജില്ലയിലെ മറ്റ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സാമൂഹ്യ-രാഷ്ട്രീയ സംഘടനകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ രംഗത്തുവരണമെന്നും ജില്ലാ കലക്ടര്‍ ആഹ്വാനം ചെയ്തു. ഓണത്തിന് പരമാവധി ഖാദി, കൈത്തറി വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളും വാങ്ങുകയും കുടുംബക്കാര്‍ക്കും മറ്റും പ്രിയപ്പെട്ടവര്‍ക്കും വാങ്ങി നല്‍കുകയും ചെയ്യണമെന്ന സന്ദേശമാണ് ക്യാമ്പയിനിലൂടെ മുന്നോട്ട് വെക്കുന്നത്. അതോടൊപ്പം ജില്ലയിലെ അനാഥ മന്ദിരങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് ഓണക്കോടിയായി ഖാദി വസ്ത്രങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാം. കണ്ണൂര്‍ നഗരത്തിലെ വയോജന കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്ക് ഡിടിപിസിയുമായി സഹകരിച്ച് ഓണക്കോടി നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. തങ്ങളുടെ പ്രദേശത്തുള്ള ഇത്തരം സ്ഥാപനങ്ങളില്‍ സ്പോണ്‍സര്‍പ്പിലൂടെയും മറ്റും തുക കണ്ടെത്തി പദ്ധതി നടപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ടുവരണമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു.

കാമ്പയിനിന്റെ ഭാഗമായി ഖാദി ഉല്‍പ്പന്നങ്ങള്‍ക്കുള്ള 500, 1000 രൂപയുടെ കൂപ്പണുകള്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. ജില്ലയിലെ ഓഫീസുകള്‍, സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ജീവനക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 50,000 രൂപ വരെയുള്ള ഖാദി ഉല്‍പ്പന്നങ്ങള്‍ ആറു തവണകളായി തിരിച്ചടക്കാവുന്ന രീതിയില്‍ ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ ലഭ്യമാക്കാനും അവസരമൊരുക്കും. ഓണക്കാലത്ത് 30 ശതമാനം വിലക്കിഴിവിലാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക. നിലവിലെ ഖാദി വിപണന കേന്ദ്രങ്ങള്‍ക്കു പുറമെ, നഗര കേന്ദ്രങ്ങള്‍, താലൂക്ക് ആസ്ഥാനങ്ങള്‍, മിനി സിവില്‍ സ്റ്റേഷനുകള്‍, യൂണിവേഴ്സിറ്റി, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഖാദി ഉല്‍പ്പന്നങ്ങളുടെ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കും. കുടുംബശ്രീ യൂണിറ്റുകള്‍ മുഖേനയും വില്‍പ്പന നടത്തും. മൊബൈല്‍ യൂണിറ്റുകള്‍ വഴിയും ഉല്‍പ്പന്നങ്ങള്‍ ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും എത്തിക്കും.

ക്യാമ്പയിനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സര്‍വ്വീസ് സംഘടനകള്‍, വകുപ്പ് തലവന്‍മാര്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവരുടെ യോഗങ്ങളില്‍ മികച്ച പിന്തുണയും സഹകരണവുമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ ചടങ്ങുകളില്‍ ഉപഹാരങ്ങളായും അതിഥികള്‍ക്കുള്ള സമ്മാനങ്ങളായും ഖാദി, കൈത്തറി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന രീതി വളര്‍ത്തിയെടുക്കണം. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് ജില്ലയിലെ മറ്റ് തൊഴില്‍ മേഖലകളെ കൂടി പ്രാപ്തമാക്കുന്നതിനുള്ള കാമ്പയിനുകള്‍ തുടര്‍ന്ന് നടപ്പിലാക്കും. ജില്ലയിലെ പരമ്പരാഗത ഉല്‍പ്പന്നങ്ങളെ ഒരു പ്രത്യേക ബ്രാന്‍ഡിനു കീഴില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ അവതരിപ്പിക്കുന്നതിനുള്ള നടപടികളും ആലോചിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

റെഡിമെയ്ഡ് ഷര്‍ട്ട്, കോട്ടണ്‍ സാരി, കോട്ടണ്‍, സില്‍ക്ക്, ടാക്ക മസ്ലിന്‍ ഷര്‍ട്ട് പീസുകള്‍, കാവി മുണ്ട്, ദോത്തികള്‍, ബെഡ്ഷീറ്റ്, തോര്‍ത്ത്, കൊതുക് വലകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഖാദി ഓണക്കാലത്ത് വില്‍പ്പനയ്ക്കെത്തിച്ചിട്ടുള്ളത്.