അന്നമാണ് ആരോഗ്യം; കൃഷിയെ ചേര്‍ത്ത് പിടിച്ച് കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രം

post

കാസര്‍കോട്: ചികിത്സ തേടിയെത്തുന്ന രോഗികളുടെ മനസ്സ് നിറയ്ക്കും കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുപാടുകള്‍.  നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യത്തിലേക്കെന്ന ആശയത്തിന്റെ ആവിഷ്‌ക്കാരമാണ് കുമ്പഡാജെ എഫ്.എച്ച്.സി പരിസരത്ത് കാണാന്‍ കഴിയുക. ആശുപത്രി പരിസരത്ത് തരിശായി കിടന്ന 25 സെന്റ് സ്ഥലലത്താണ് കൃഷി ആരംഭിച്ചത്. ചെങ്കല്‍ പാറയ്ക്ക് മുകളില്‍ മണ്ണ് നിരത്തിയാണ് കൃഷി നടത്തുന്നത്. നെല്ല്, വാഴ, കക്കിരി, കപ്പ, ചെരങ്ങ, ചേമ്പ്  ഇഞ്ചി, ചോളം, തക്കാളി, മുളക്, വഴുതന തുടങ്ങി വിവിധ കാര്‍ഷിക വിളകളാണ് ആശുപത്രി പരിസരത്ത് കൃഷി ചെയ്ത് വരുന്നത്.  ആശുപത്രി ജീവനക്കാരെല്ലാം പങ്കാളികളായ പദ്ധതിക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സയ്യിദ് കെ.എസ് ശുഹൈബ് നേതൃത്വം നല്‍കി വരുന്നു. ഗ്രോബാഗ് കൃഷിയും എഫ്.എച്ച്.സിയില്‍ നടപ്പിലാക്കാനിരിക്കുകയാണ്. ഇതിനായി 250 ഗ്രോ ബാഗുകള്‍ വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ ഉപയോഗിച്ച 70 ഗ്രോ ബാഗുകള്‍ പുനരുപയോഗത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ചു വരുന്ന ജീവനക്കാര്‍ ഒഴിവു സമയം ചിലവഴിക്കാനായി പൂന്തോട്ടം ഉണ്ടാക്കി പരിപാലിച്ച് തുടങ്ങിയതാതോടെയാണ് എഫ്.എച്ച്.സിയുടെ മുഖം മാറി തുടങ്ങിയത്. ഇന്‍ഡോര്‍ പ്ലാന്റുകളും വിവിധങ്ങളായ അലങ്കാര ചെടികളും ആശുപത്രി അന്തരീക്ഷം സുന്ദരമാക്കി. പിന്നീട് പുതിയ കെട്ടിടത്തിലേക്ക് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മാറിയപ്പോള്‍ ചെറിയ രീതിയില്‍ എഫ്.എച്ച്.സി പരിസരത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. ഇത് കൃഷി ഓഫീസറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പച്ചക്കറി കൃഷി വിപുലീകരിക്കാന്‍ തീരുമാനിച്ചത്. ആശുപത്രി ജീവനക്കാര്‍ അവരുടെ ഒഴിവ് സമയമാണ് കൃഷിക്കായി ഉപയോഗപ്പെടുത്തുന്നതെന്ന് ഡോ. സയ്യിദ് കെ.എസ് ശുഹൈബ് പറഞ്ഞു.

കൃഷിക്ക് ആവശ്യമായ പച്ചക്കറി തൈകളെല്ലാം കൃഷി ഭവനില്‍ നിന്നും നല്‍കി. കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25000 രൂപ സബ്‌സിഡിയും അനുവദിച്ചു. കുമ്പഡാജെ എഫ്.എച്ച്.സിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് സ്ഥലത്ത് നെല്‍കൃഷിയും നടത്തുന്നുണ്ട്.  മികച്ച പച്ചക്കറി കൃഷി നടത്തുന്ന പൊതു സ്ഥാപനത്തിനുള്ള അവാര്‍ഡിനായി കുമ്പഡാജെ എഫ്.എച്ച്.സിയുടെ പേര് നിര്‍ദ്ദേശിച്ചതായി കുമ്പഡാജെ കൃഷി ഓഫീസര്‍ കെ.എസ് സിമി പറഞ്ഞു.

കോവിഡ് പ്രതിസന്ധികാലത്തും  ആര്‍ജ്ജവത്തോടെ കൃഷിയെ ചേര്‍ത്തുപിടിച്ചാണ് എഫ്.എച്ച്.സി പ്രവര്‍ത്തിച്ചത്. ഒരുപാട് തിരക്കുകള്‍ക്കിടയിലും  താല്‍പര്യത്തോടെ ആശുപത്രി പരിസരമാകെ വിവിധ കാര്‍ഷിക വിളകള്‍ കൊണ്ട് സമ്പന്നമാക്കുന്ന ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.