രോഗീ സൗഹൃദമാവാന്‍ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ്

post

തൃശൂർ: രോഗി സൗഹൃദമാവാന്‍ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ്.മെഡിക്കല്‍ കോളേജില്‍ ട്രോമാകെയര്‍ ട്രയാജ് പൂര്‍ത്തിയാക്കുന്നതിന് എമര്‍ജന്‍സി മെഡിസിന്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, അനുബന്ധ വിഭാഗങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, പൂര്‍ത്തിയാക്കുന്നതിനും നിയോനാറ്റോളജി, കാര്‍ഡിയോളജി റേഡിയോ ഡയഗ്‌നോസിസ് വിഭാഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ ഉന്നയിച്ച സബ്മിഷന് മറുപടിയായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്.

ഏത് പ്രതിസന്ധിയിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ പുതുതായി 10 കിലോ ലിറ്റര്‍ ശേഷിയുള്ള ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്ക് സ്ഥാപിക്കുക, സാധാരണ ജനങ്ങള്‍ക്ക് പരിശോധന നടത്തുന്നതിനായി സ്വകാര്യ ലാബുകളെ ആശ്രയിക്കാതെ കുറഞ്ഞ ചെലവില്‍ ഗുണനിലവരമുള്ള എച്ച്.ഡി.എസ് ലാബ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സബ്മിഷനിലൂടെ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉന്നയിച്ചിരുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, മാതൃ - ശിശു ചികിത്സക്കായുള്ള പ്രത്യേക ബ്ലോക്ക് എന്നിവ നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ട്രോമ കെയര്‍ ട്രയാജ് ബില്‍ഡിങ് കാലതാമസം കൂടാതെ 4 മാസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കാമെന്ന് കണ്‍സള്‍ട്ടന്‍സിയായ എച്ച് എല്‍ എല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

എന്‍ എം സി (നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍) നിബന്ധനകള്‍ പ്രകാരം നിലവില്‍ കോഴിക്കോട്, കോട്ടയം തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലുള്ളത് പോലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തൃശൂര്‍ മെഡിക്കല്‍ കോളേജിലും ആരംഭിക്കുന്നതാണ്. ഇതിനായിപ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടം കിഫ്ബിയുടെ സാമ്പത്തിക അനുമതിയോടെ നടപ്പില്‍ വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടത്തിന്റെ ഫൈനല്‍ പ്ലാന്‍ കിഫ്ബി അംഗീകാരം ലഭിക്കാനായി സമര്‍പ്പിച്ചിരിക്കുകയാണ്. നിയോനാറ്റോളജി വിഭാഗത്തിനായി ഒരു അസോസിയേറ്റ് പ്രൊഫസര്‍, രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ രണ്ട് സീനിയര്‍ റെസിഡന്റ് തസ്തികകള്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിനെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കി ഉയര്‍ത്തുവാനാണ് സര്‍ക്കാരിന്റെ ശ്രമം. മധ്യകേരളത്തിലെ സാധാരണക്കാരുടെ ആശ്രയമായ സുപ്രധാന ആശുപത്രിയെന്ന നിലയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജിനെ രോഗീ സൗഹൃദ ആശുപത്രിയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിച്ച് വരികയാണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.