കാര്‍ഷിക സര്‍വകലാശാല കൃഷിക്കാര്‍ക്ക് വേണ്ടി

post

തൃശൂര്‍ : കാര്‍ഷിക സര്‍വകലാശാല കൃഷിക്കാര്‍ക്ക് വേണ്ടിയാണെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ 49ാമത് സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ഈ സര്‍ക്കാറിന്റെ കാലത്ത് കാര്‍ഷിക സര്‍വകലാശാല കോഴ്‌സുകളില്‍ 200 സീറ്റുകള്‍ വര്‍ധിപ്പിച്ചതായി മന്ത്രി പറഞ്ഞു. 220 സീറ്റുണ്ടായിരുന്നത് 420 ആക്കി. ഏറെക്കാലത്തിന് ശേഷം 130 അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിച്ചു. ശേഷിച്ച അധ്യാപക തസ്തികള്‍ നികത്തും. സര്‍വകലാശാല അസിസ്റ്റന്റ്, ക്ലാസ് ഫോര്‍ നിയമനം നടത്തി വരികയാണ്. സര്‍വകലാശാലയുടെ ആറ് സ്റ്റേഷനുകളില്‍ തൊഴിലാളി നിയമനത്തിനായി അഭിമുഖം നടത്തി. വെള്ളാനിക്കര, മണ്ണുത്തി സ്റ്റേഷനുകളിലെ തൊഴിലാളി നിയമനം ഈ മാസം പൂര്‍ത്തിയാക്കും. സ്ഥാപിതമായി 50ാം വര്‍ഷത്തിലെത്തുമ്പോള്‍ സര്‍വകലാശാല ഇ ഗവേണന്‍സിലേക്ക് മാറേണ്ടത് അനിവാര്യമാണ്. ഗവേഷണ മേഖലയില്‍ വിപ്ലവകരമായ മാറ്റം വേണം. 

മികച്ച കോളജിനുള്ള പുരസ്‌കാരം വെള്ളായണി കാര്‍ഷിക കോളജിനും മികച്ച റിസര്‍ച്ച് സ്റ്റേഷനുള്ള പുരസ്‌കാരം പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനും മികച്ച അധ്യാപനത്തിനുള്ള പുരസ്‌കാരം ഡോ. ജയശ്രീ കൃഷ്ണന്‍കുട്ടിക്കും മികച്ച എകസ്റ്റെന്‍ഷന്‍ സയന്റിസ്റ്റിനുള്ള പുരസ്‌കാരം ഡോ. ബെറിന്‍ പത്രോസിനും മികച്ച ഗവേഷകനുള്ള പുരസ്‌കാരം ഡോ. കെ.എല്‍. കാര്‍ത്തികേയനും മന്ത്രി സമ്മാനിച്ചു. മുന്‍ വി.സിമാരായ ഡോ. കെ.വി. പീറ്റര്‍, കെ.ആര്‍. വിശ്വംഭരന്‍ എന്നിവര്‍ക്കും 30 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച ജീവനക്കാര്‍ക്കും മന്തി ഉപഹാരം നല്‍കി.